കുളത്തൂപ്പുഴ: കാണാതായ അംഗപരിമിതനെ വനത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ അന്പതേക്കർ പളളികുന്നുപുറം സ്വദേശിയും ഇപ്പോൾ ഡാലികരിക്കത്ത് താമസിക്കുന്നതുമായ നേശമണി(62) യുടെ മൃതദേഹം കുളത്തൂപ്പുഴ ഡാലികരിക്കം വനത്തിനുള്ളിൽ നാട്ടുകാർ നടത്തിയ തെരച്ചലിലാണ് കണ്ടെത്തിയത്.
തീറ്റപ്പുല്ല് ശേഖരിക്കാൻ പോയ ക്ഷീര കർഷകൻ ഡാലി രാജേന്ദ്രവിലാസത്തിൽ ഗോപാലന് ശനിയാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനാലാണ് നാട്ടുകാർ ഈ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയത്.
കുട്ടയും,വട്ടിയും നെയ്ത് ഉപജീവനം നടത്തുന്ന നേശമണി കഴിഞ്ഞ 11ന് വളളിചൂരൽ ശേഖരിക്കാനാണ് വനത്തിൽ പോയത്. ഡാലികരിക്കം വനത്തിനുളളിൽ വളളിചൂരൽ കെട്ടിനകത്ത് കാട്ടാന എടുത്തെറിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയനിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം കരുതുന്നതായി കുളത്തൂപ്പുഴ എസ്ഐ ബി.അനീഷ് അറിയിച്ചു. ഭാര്യ: പരേതയായ റോസിലി. മക്കൾ: ഉണ്ണി, പരേതയായപുഷ്പ.
കാട്ടാനയുടെ ആക്രമണത്തിൽ അംഗപരിമിതൻ കൊല്ലപ്പെട്ടു
10:24 PM Feb 13, 2017 | Deepika.com