ഏനാത്ത് പാലം നിർമാണം; സ്‌ഥലപരിശോധന നടത്തി

08:38 PM Feb 13, 2017 | Deepika.com
കൊട്ടാരക്കര: ഏനാത്ത് നിർമിക്കുന്ന ബെയ്ലി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തെകുറിച്ച് പഠിക്കാൻ പൊതുമരാമത്ത് ഡിസൈനിംഗ് ചീഫ് എഞ്ചിനീയർ കെ.സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലപരിശോധന നടത്തി.

റോഡിന്റെ ഉറപ്പ് പരിശോധിച്ചപ്പോൾ പാലം അഞ്ച് മീറ്റർ കൂടി നീട്ടിയാൽ മാത്രമെ ആവശ്യമായ ഉറപ്പ് ലഭിക്കുകയുള്ളൂ എന്ന് സംഘം വിലയിരുത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ ബെയ്ലി പാലം 50 മീറ്റർ എന്നത് അഞ്ച് മീറ്റർ കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സൈന്യത്തിന് കത്ത് നൽകി. കത്ത് പരിശോധിച്ച ശേഷം സൈന്യം നിലപാട് അറിയിക്കും.

അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ തൂണുകളുടെ നിർമാണം, വെള്ളത്തിന്റെ അളവ് ഉയരുകയാണങ്കിൽ അത് ഒഴുക്കികളയാനുള്ള സംവിധാനം എന്നിവയാണ് ഇന്നലെ എത്തിയ സംഘം പ്രധാനമായി പരിശോധിച്ചത്. പാലം നിർമിക്കുന്ന സ്‌ഥലത്ത് അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് സംസ്‌ഥാന സർക്കാരാണ്. സൈന്യം ഇപ്പോൾ തയാറാക്കിയിരിക്കുന്നത് മിനിലോറികൾ, ആംബുലൻസ് എന്നീ വാഹനങ്ങൾക്ക് വരെ കടന്നുപോകാൻ ശേഷിയുള്ള പാലത്തിന്റെ രുപരേഖയാണ്.

വൺവേ ആയിട്ടായിരിക്കും വാഹനങ്ങൾ കടത്തിവിടുക. പഴയപാലത്തിന് സമീപമുള്ള കടവിലാണ് പാലം നിർമിക്കുന്നതിന് മിലിട്ടറിയുടെ എഞ്ചിനീയറിംഗ് വിഭാഗമായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പ് പ്ലാൻ തയാറാക്കി സൈനിക ആസ്‌ഥാനത്ത് സമർപ്പിച്ചിരിക്കുന്നത്. പുതിയ പാലത്തിൽ നിന്ന് 50 മീറ്റർ മാറി പഴയ ഏനാത്ത് ജംഗ്ഷൻ റോഡിൽ എത്തും വിധമാണ് നിർമ്മാണം. ഇവിടെ അപ്രോച്ച് റോഡ് നിർമിക്കുന്നതിന് പരിശോധന നടത്തുന്നതിന് വേണ്ടിയാണ് ഇന്നലെ സംഘം എത്തിയത്. പഴയ പാലത്തിന്റെ ബലപ്പെടുത്തൽ നടപടികൾ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. തൂണുകൾ നിർമിക്കുന്നതിനുള്ള സ്റ്റീൽലൈനറുകളുടെ നിർമാണമാണ് ഇപ്പോഴും നടക്കുന്നത്. രണ്ട് തൂണുകൾക്ക് ആവശ്യമായ ലൈനറുകളാണ് നിർമിക്കുന്നത്.