ബസ് സർവീസ് നിർത്തിയതിനെതിരെപതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

08:38 PM Feb 13, 2017 | Deepika.com
പത്തനാപുരം: നഷ്‌ടത്തിന്റെ പേരിൽ കെഎസ്ആർടിസി ചില സർവീസുകൾ നിർത്തലാക്കിയപ്പോൾ ലാഭത്തിൽ സർവീസ് നടത്തിയിരുന്ന കമുകുംചേരി സ്റ്റേ ബസ് നിർത്തലാക്കിയതിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

രാത്രി ഒമ്പതിന് പുനലൂരിൽ നിന്നും എലിക്കാട്ടൂർ വഴി കമുകുംചേരിയിൽ സ്റ്റേ ചെയ്യുന്ന ബസ് പുലർച്ചെ അഞ്ചിന് പത്തനാപുരത്ത് എത്തി ദിവസം 11 ട്രിപ്പുകൾ നടത്തിയിരുന്നു. രാത്രി പുനലൂരിൽ നിന്നും എത്തുന്നതിനും കാർഷിക വിളകൾ രാവിലെ മാർക്കറ്റുകളിൽ എത്തിക്കുന്നതിനും കൂടാതെ വിദ്യാർഥികൾക്കും ഏറെ പ്രയോജനമായിരുന്നു ഈ ട്രിപ്പ്.

20 വർഷത്തിലധികമായി തുടങ്ങിയ സർവീസാണ് നഷ്‌ടത്തിന്റെ പേരിൽ നിർത്തലാക്കിയിരിക്കുന്നത്. സർവ്വീസ് നിർത്തലാക്കിയതിന് പിന്നിൽ സ്വകാര്യ ബസുടമകളുടെ ഇടപെടൽ ഉണ്ടെന്നും ആക്ഷേപമുണ്ട്.

കിഴക്കേഭാഗം, മാക്കുളം, ചെന്നിലമൺ, കമുകുംചേരി, എലിക്കാട്ടൂർ നിവാസികൾക്ക് ഏറെ പ്രയോജനകരമായിരുന്ന സർവീസ് എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ കെഎസ്ആർടിസി ഓഫീസ് ഉപരോധിക്കാൻ പ്രതിഷേധ യോഗം തീരുമാനിച്ചു. കിഴക്കേഭാഗത്ത് നടന്ന യോഗത്തിൽ സുബി ചേകം, റിജു കിഴക്കേതിൽ ബാല മുരളി ബിജു.എസ്, മധു, വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.