പെട്രോൾ പമ്പ് ഉടമകൾസമരം ആരംഭിക്കുന്നു

08:38 PM Feb 13, 2017 | Deepika.com
കൊല്ലം: മാനദണ്ഡങ്ങൾ പാലിക്കാതെ ഓയിൽ കമ്പനികൾ പുതിയ പെട്രോൾ പമ്പുകൾ തുടങ്ങുന്നതിൽ പ്രതിഷേധിച്ച് ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പെട്രോൾ പമ്പുടമകൾ വിവിധ സമര പരിപാടികൾ ആരംഭിക്കുന്നു.

ഇതിന്റെ ആദ്യപടി എന്ന നിലയിൽ നാളെ 12 മണിക്കൂറും മാർച്ച് ഒന്നിന് 24 മണിക്കൂറും പമ്പുകൾ അടച്ചിടും. പുതിയ പമ്പുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി കഥകൾ തുറന്ന് കാട്ടുന്നതിന് മാർച്ച് ഒന്നിന് കളക്ടറേറ്റ് മാർച്ചും സംഘടിപ്പിക്കും.

എന്നിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് 15മുതൽ ജില്ലയിലെ പെട്രോൾ പമ്പുകൾ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടുമെന്ന് അസോസിയേഷൻ പ്രസിഡന്റ് മൈതാനം വിജയനും സെക്രട്ടറി സഫാ അഷറഫും അറിയിച്ചു.

ജില്ലയിലെ പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥർക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ 2015 ജൂലൈ ഒന്നിന് പമ്പുടമകൾ ആഹ്വാനം ചെയ്ത അവസാനിപ്പിക്കുന്നതിന് ജില്ലാ കളക്ടർ ജൂൺ 26ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കുകയുണ്ടായി.

ഇതിൽ ഓയിൽ കമ്പിനി ഉദ്യോഗസ്‌ഥരും അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. ജില്ലയിൽ പുതിയ പെട്രോൾ പമ്പുകൾ തുടങ്ങുന്നതിന് എൻഒസി നൽകുന്നതിന് മുമ്പ് പ്രദേശത്തെ നിലവിലെ പമ്പുകളുടെ ബിസിനസ് പരിശോധിച്ച് സാധ്യതാ പഠനം നടത്തിയ ശേഷമേ അനുമതി നൽകുകയുള്ളൂവെന്ന് ചർച്ചയിൽ ധാരണയിൽ എത്തിയിരുന്നു.

എന്നാൽ ഇതിന് വിപരീതമായി ജില്ലയിൽ പലയിടത്തും പുതിയ പെട്രോൾ പമ്പുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി അറിയാൻ കഴിഞ്ഞൂവെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

കൊല്ലം താലൂക്കിൽ പാരിപ്പള്ളിയിൽ പുതിയ പമ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ജില്ലാ ഭരണകൂടത്തിൽ നിന്ന് ഇത്തരം അനുമതി വാങ്ങിക്കുന്നതിന് പിന്നിൽ ഉദ്യോഗസ്‌ഥരും ചില ഏജന്റ് മാഫിയകളും പ്രവർത്തിക്കുന്നുണ്ട്.

പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതും അവയ്ക്ക് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനികളും കേന്ദ്ര സംസ്‌ഥാന സർക്കാരുകളും ഡീലേഴ്സ് അസോസിയേഷന്റെ അഖിലേന്ത്യാ നേതൃത്വവും നിരന്തരം ചർച്ചകൾ നടത്തിവരികയാണ്.

ഈ ചർച്ചകളെല്ലാം അട്ടിമറിച്ച് നൽകിയിട്ടുള്ള എൻഒസികളും നിർമാണ പ്രവർത്തനങ്ങളും തടഞ്ഞുകൊണ്ട് വ്യക്‌തമായ ഉറപ്പും ഉത്തരവും ലഭിക്കാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഡീലേഴ്സ് അസോസിയേഷന്റെ തീരുമാനം.

ജില്ലയിലെ 180 പെട്രോൾ പമ്പുകളുടെ നിലനിൽപ്പിന് ആവശ്യമായ മാനദണ്ഡം സർക്കാരുകൾ ഉണ്ടാക്കുന്നതുവരെ പുതിയ പെട്രോൾ പമ്പുകൾക്ക് എൻഒസി നൽകരുതെന്ന് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധികൾ മാനിക്കാതെ പെട്രോൾ പമ്പുകൾക്ക് ട്രേഡിംഗ് ലൈസൻസ് നൽകാത്ത തദ്ദേശ സ്വയംഭരണ മേധാവികൾക്കെതിരേ നടപടി സ്വീകരിക്കുക, പമ്പുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ പോലീസ് ശക്‌തമായ നടപടി സ്വീകരിക്കുക, പമ്പുകളിൽ നിന്ന് വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് നൽകിയ ഇന്ധനത്തിന്റെ ബിൽതുക യഥാസമയം നൽകാൻ നടപടി സ്വീകരിക്കുക എന്നിവയാണ് അസോസിയേഷൻ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ.