പുനലൂർ–ഇടമൺ റെയിൽ പാതയിൽഎൻജിൻ പരീക്ഷണ ഓട്ടം നടത്തി

11:31 PM Feb 09, 2017 | Deepika.com
പുനലൂർ: സുരക്ഷാ കമ്മീഷണറുടെ സന്ദർശനത്തിന് മുന്നോടിയായി പണികൾ പൂർത്തിയായ പുനലൂർഇടമൺ ബ്രോഡ്ഗേജ് റെയിൽവേ പാതയിൽ എൻജിൻ പരീക്ഷണ ഓട്ടം നടത്തി. റെയിൽവേ കൺസ്ട്രക്ഷൻ ചീഫ് എൻജിനീയർ എം.ആർ.മോഹനന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തിയത്.

എക്സിക്യൂട്ടിവ് എൻജിനീയർ ഏഴിലൻ, അസി.എക്സിക്യൂട്ടിവ് എൻജിനീയർ ഷൺമുഖം, പെർമനന്റ് വേ ഇൻസ്പെക്ടർ ഐ.റാഫി, ലോക്കോ പൈലറ്റ് എസ്.എൻ.ജി.ദേവസഹായം എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ചെങ്കോട്ടയിൽ നിന്നും ഇന്നലെ രാവിലെ 11 ഓടെ പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സംഘം ഉദ്യോഗസ്‌ഥരുമായുള്ള ചർച്ച നടത്തി.

തുടർന്ന് 11.30 ന് ട്രെയിൻ എൻജിൻ വേഗതയിൽ ഇടമണിലേക്കും തിരിച്ചും ഓടിച്ചു. പരിശോധന സംബന്ധിച്ച് ഇന്ന് തന്നെ റിപ്പോർട്ട് സുരക്ഷാ കമ്മീഷണർക്ക് നൽകും. 14 ന് രാവിലെ 9.30യോടെ പുനലൂരിലെത്തുന്ന സുരക്ഷാ കമ്മീഷണർ പണി പൂർത്തിയായ പുനലൂർ ഇടമൺ പാതയും ആര്യങ്കാവ് ചെങ്കോട്ട പാതയും പരിശോധിക്കും.