സഹകരണ ബാങ്കിംഗ് മേഖലയെ ആധുനികവൽക്കരിക്കുകയാണ് ലക്ഷ്യം: മന്ത്രി

11:28 PM Feb 08, 2017 | Deepika.com
ചാത്തന്നൂർ: ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന തരത്തിലേക്ക് കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയെ ആധുനികവൽക്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച മൊബൈൽ വഴി ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നുമന്ത്രി.

സഹകരണ ബാങ്കുകളുടെ നവീകരണത്തിനായി കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുള്ള 1900 കോടി രൂപയിൽ നിക്ഷേപത്തിന്റെ അമ്പത് ശതമാനം കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ സഹകരണ മേഖലക്കായിരിക്കണം. കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ വിഹിതം നൽകി കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ പുതിയ സംവിധാനങ്ങളും പുതിയ ക്രമീകരണങ്ങളും ഏർപ്പെടുത്താനുള്ള പരിശ്രമം നടത്തണം.

സംസ്‌ഥാനത്തെ സഹകരണ മേഖല ചില പ്രതിസന്ധികളെയും വെല്ലുവിളികളേയും നേരിടുന്നുണ്ട്. കേരളത്തിലെ സഹകാരി സമൂഹം ഒറ്റക്കെട്ടായി നിന്നു എല്ലാ വെല്ലുവിളികളെയും നേരിട്ടു കൊണ്ടിരിക്കുകയാണ്.

സഹകരണ മേഖലയോടുള്ള വിശ്വാസം കൊണ്ടാണ് ഒന്നര ലക്ഷം കോടിയോളംരൂപാ സഹകരണ മേഖലയിൽ നിക്ഷേപിക്കാൻ ജനം തയാറായത്.

ജനങ്ങളുടെ പിന്തുണയോടെ സഹകരണ മേഖലക്ക് നേരേയുള്ള എല്ലാ അതിക്രമങ്ങളേയും വെല്ലുവിളികളേയും നേരിടാൻ സാധിക്കും. സഹകരണ ബാങ്കുകൾ ആധുനികവൽക്കരണത്തിന്റെ പാതയിലേക്ക് നീങ്ങുനില്ലെന്ന ആക്ഷേപം ശരിയല്ലെന്നും പുതിയ ബാങ്കുകളുമായി മൽസരിക്കാൻ സഹകരണ ബാങ്കുകൾ ഇന്ന് പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് അൻസാർ അസീസ് അധ്യക്ഷത വഹിച്ചു. എം.നൗഷാദ് എംഎൽഎ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജൻ, കെപിസിസി സെക്രട്ടറി എ. ഷാനവാസ് ഖാൻ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഷീബാ ബീവി, സഹകരണ വകുപ്പ് അസി. രജി സ്ട്രാർ ബി.എസ്.പ്രവീൺ ദാസ്, നാസർ കല്ലുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.