വിരവിമുക്‌ത ദിനാചരണം: ഉദ്ഘാടനം നാളെ കൊല്ലത്ത്

11:28 PM Feb 08, 2017 | Deepika.com
കൊല്ലം: ദേശീയ വിരവിമുക്‌ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11ന് കൊല്ലം തേവള്ളി ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മേയർ വി.രാജേന്ദ്രബാബു നിർവഹിക്കും.

ഒന്നുമുതൽ 19 വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും അംഗനവാടി, സ്കൂൾ എന്നിവ വഴി ആൽബൻഡസോൾ ഗുളികകളാണ് സൗജന്യമായി നൽകുന്നത്.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളിലെ വിദ്യാർഥികൾക്കും ആംഗൻവാടികളിലെയും ഡേകെയർ സെന്ററുകളിലെയും കുട്ടികൾക്കുമാണ് ഗുളിക കൊടുക്കുന്നത്.

ഗുളികകൾ വീടുകൾ വഴി വിതരണം ചെയ്യില്ല. ഒന്നുമുതൽ അഞ്ച് വയസുവരെയുള്ളവർക്ക് ആംഗൻവാടികൾ വഴിയും ആറുമുതൽ 19 വരെയുള്ളവർക്ക് സ്കൂളുകൾ വഴിയുമാണ് ഗുളിക ലഭ്യമാക്കുന്നത്.

ഗുളികകൾക്ക് പാർശ്വഫലങ്ങൾ ഒന്നുമില്ലെന്ന് ഡിഎംഒ അറിയിച്ചു. ഓരോ പ്രദേശത്തെയും ആശാ വർക്കർമാർ ഒന്നുമുതൽ അഞ്ചുവയസ് വരെയുള്ളവരെ ആംഗൻവാടികളിൽ എത്തിക്കണം.

ഒന്നുമുതൽ രണ്ട് വയസ് വരെയുള്ളവർക്ക് അര ഗുളികയും അതിന് മുകളിലുള്ളവർക്ക് ഒരു ഗുളികയുമാണ് നൽകുന്നത്. നാളെ ഗുളിക കഴിക്കാൻ സാധിക്കാത്തവർക്ക് 15ന് സ്കൂളുകളിലും ആംഗൻവാടികളിലും ലഭ്യമാക്കും.

ജില്ലയിലെ 1366 സ്കൂളുകളിലേയ്ക്കായി 5,58,600 ഗുളികകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ച് കഴിഞ്ഞു. പരിപാടികളുടെ മേൽനോട്ടത്തിന് ഓരോ ബ്ലോക്കിലും പ്രോഗ്രാം ഓഫീസർമാർക്കാണ്.ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂമും പ്രവർത്തിക്കും. 8943341430, 9446447829, 9745199011 എന്നിവയാണ് കൺട്രോൾ റൂം നമ്പരുകൾ.