ദിശാ സൂചകങ്ങളില്ല; കൊട്ടാരക്കരയിൽ വാഹനങ്ങൾ വഴിതെറ്റുന്നു

11:28 PM Feb 08, 2017 | Deepika.com
കൊട്ടാരക്കര: കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് റെയിൽവേ മേൽപ്പാലത്തിനു സമീപം ദിശാസൂചകങ്ങളില്ലാത്തത് വാഹനങ്ങൾ വഴിതെറ്റുന്നതിന് കാരണമാകുന്നു.

അഞ്ച് റോഡുകൾ ബന്ധിക്കുന്ന ഇടമാണ് റെയിൽവേ മേൽപാലം. ഏനാത്ത് പാലം അപകടാവസ്‌ഥയിലായതോടെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഈ വഴിയാണ് അടൂർ ഭാഗത്ത് നിന്നും തിരിച്ചുവിട്ടിരിക്കുന്നത്. ദിശാസൂചകങ്ങളില്ലാത്തതിനാൽ ദീർഘദൂര വാഹനങ്ങൾക്ക് പോലും വഴിതെറ്റുന്നത് പതിവായിരിക്കുന്നു.

പാലത്തിന് സമീപം റോഡ് പലഭാഗങ്ങളായി വഴിതിരിയുന്നുണ്ട്. കൊട്ടാരക്കര മണ്ണടി റോഡ്, കൊട്ടാരക്കര പുത്തൂർ റോഡ്, കൊട്ടാരക്കര ഗണപതിക്ഷേത്രം റോഡ്, കൊട്ടാരക്കര പോളച്ചിറ ഭാഗത്തേയ്ക്കുള്ള ഇടറോഡ്, കൊട്ടാരക്കര ശാസ്താംമുകൾ റോഡ് എന്നിവയാണ്. ദിശാസൂചകങ്ങൾ കൃത്യമായില്ലാത്ത പാലത്തിനുസമീപം വാഹനങ്ങൾ എങ്ങോട്ട് പോകണമെന്നറിയാതെ തെറ്റായ ദിശയിലേക്ക് സഞ്ചരിക്കേണ്ടിവരുന്നു.

പാലത്തിനു സമീപം സ്‌ഥാപിച്ചിരിക്കുന്ന കൊട്ടാരക്കര എന്ന് എഴുതിയ ദിശാബോർഡ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഫ്ളെക്സ് ബോർഡ് വച്ചതിനാൽ മറഞ്ഞിരിക്കുകയാണ്. ആകെ ഉണ്ടായിരുന്ന ആ ദിശാസൂചകവും മറഞ്ഞതോടെ റെയിൽവേ മേൽപ്പാലത്തിന്റെ ഭാഗത്ത് ദിശാസൂചകം ഇല്ലാതായി. കഴിഞ്ഞ ഒരു മാസമായി ഏനാത്ത് പാലം അപകടാവസ്‌ഥയിലായി അടച്ചതോടെ അടൂരിൽ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ പുത്തൂർ നെടിയവിള തിരിഞ്ഞ് കൊട്ടാരക്കര വഴിയാണ് പോകുന്നത്.

അവണൂർ വഴി കൊട്ടാരക്കര തുടങ്ങുന്ന മുസ്ലീം സ്ട്രീറ്റ് പാലത്തിന് മുന്നിലെത്തുമ്പോൾ കൊട്ടാരക്കരയിലേക്ക് പോകുന്ന റോഡ് ഏതാണെന്നറിയാതെ വാഹനയാത്രക്കാർ സംശയിച്ച് നിൽക്കും. വണ്ടി നിർത്തി സമീപത്തെ കടക്കാരോട് കൊട്ടാരക്കരവഴി തിരുവനന്തപുരത്തേക്ക് പോകുന്ന വഴി ചോദിച്ച് മനസിലാക്കാൻ അഞ്ചു മിനിറ്റ് സമയമെടുക്കും. ഈ സമയമെല്ലാം ഇവിടെ ഗതാഗത സ്തംഭനമായിരിക്കും.

വഴിപറഞ്ഞ് കൊടുത്ത് മടുത്ത പാലത്തിനുസമീപത്തെ കച്ചവടക്കാർ തിരുവനന്തപുരം ഭാഗത്തേയ്ക്ക് എന്ന ദിശാസൂചകം പാലത്തിന് സമീപം എഴുതിവച്ചു. പകൽസമയങ്ങളിൽ കാറ്റടിക്കുമ്പോൾ ഈ ദിശാസൂചകം തിരിഞ്ഞ് മണ്ണടി റോഡ് ഭാഗത്തേയ്ക്കും ശാസ്താംമുകൾ ഭാഗത്തേയ്ക്കും മാറും. അതോടെ ദിശാസൂചകം ആശ്രയിച്ച് യാത്ര ചെയ്ത പലരും വഴിതെറ്റിയ സംഭവം ഉണ്ടായിട്ടുണ്ട്.

രാത്രികാലങ്ങളിൽ പുത്തൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പാലത്തിന് സമീപം ദിശയറിയാതെ നേരെ ശാസ്താംമുകൾ ഭാഗത്തേയ്ക്ക് പോയി അപകടത്തിൽപ്പെട്ട സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായി. നൂറുകണക്കിന് വാഹനങ്ങൾ ഇപ്പോൾ ഇടതടവില്ലാതെ പോകുന്ന ഈ റോഡിൽ ഗതാഗതം നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഇല്ല.

അശാസ്ത്രീയമായി ഇവിടെ സ്‌ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രയോജനരഹിതമാണ്. ഇത്രയും തിരക്കുള്ള ഇവിടെ ട്രാഫിക് പോലീസിന്റെ സഹായം ആവശ്യമാണ്. പാലത്തിന് മുന്നിൽ അഞ്ച് റോഡിലേക്ക് പോകുന്ന വാഹനങ്ങളാണ് എത്തുന്നത്.

ഈ വാഹനങ്ങളെ നിയന്ത്രിക്കുവാൻ ട്രാഫിക് പോലീസോ ട്രോഫിക് വാർഡനോ വേണമെന്നാണ് സമീപവാസികളുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം. വാഹനം നിയന്ത്രിക്കുവാൻ ട്രാഫിക് പോലീസും വഴികാട്ടുവാൻ ദിശാസൂചകവും ഇവിടെ സ്‌ഥാപിച്ചില്ലെങ്കിൽ അപകടം ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തിൽ സംശയമില്ല.