മൊബൈൽ കടയിലെ മോഷണം : പരാതി നൽകിയിട്ടും അന്വേഷണമില്ല

11:28 PM Feb 08, 2017 | Deepika.com
കൊല്ലം: നഗരം മോഷ്ടാക്കളുടെയും ആക്രമികളുടെയും പിടിയിൽ. പകൽ സമയങ്ങളിൽ പോലും മോഷ്ടാക്കളുടെ താവളമായി നഗരം മാറിയിരിക്കുന്നു. പോലീസിന്റെ ഭാഗത്തുനിന്നുളള അനാസ്‌ഥയാണ് മോഷ്ടാക്കളുടെയും അക്രമികളുടെയും ശല്യം വർധിപ്പിക്കുന്നത്.

കഴിഞ്ഞദിവസം ചിന്നക്കട നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് മൊബൈയിൽ കടയിൽ നിന്നും പകൽ സമയം 15000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷണം പോയി.

കടയിൽ സ്‌ഥാപിച്ചിരുന്ന സിസിടിവിയിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പടെ കട ഉടമ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ’ ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കടഉടമ പറയുന്നു. മോഷണത്തെ കുറിച്ച് ഒരു അന്വേഷണത്തിനും പോലീസ് തയാറായിട്ടില്ല.

ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിന്റെ മുഖം വ്യക്‌തമായി തിരിച്ചറിയാൻ കഴിയും .എന്നിട്ടു പോലും മോഷ്ടാവിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ല. നഗരത്തിൽ പകൽ സമയങ്ങളിൽ പോലും പിടിച്ചുപറിയും മോഷണങ്ങളും വർധിച്ചിട്ടുണ്ട്.

തെളിവ് സഹിതം പരാതി നൽകിയിട്ടും പോലീസിന് മോഷ്‌ടാവിനെ പിടികൂടാൻ കഴിയന്നില്ല. മോഷണത്തിന് എതിരെ പരാതി നൽകുന്നവരെയും പോലീസിനെയും വെല്ലുവിളിച്ച് മോഷ്ടാക്കളും അക്രമികളും നഗരത്തിൽ വിലസുകയാണ്.