വാലിൽമുക്കിലെ വിദേശമദ്യശാല:ജനകീയ സമരത്തിനു വിജയം

11:52 PM Feb 07, 2017 | Deepika.com
കൊല്ലം: കൊട്ടിയത്തെ ബിവറേജ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറ വിൽപ്പനശാല തൃക്കോവിൽവട്ടം പഞ്ചായത്തിലെ വാലിൽമുക്കിൽ സ്‌ഥാപിക്കുന്നതിരേ സംയുക്‌ത സമരസമിതി നടത്തിയ ജനകീയ സമരത്തിനു വിജയം.

ഇവിടേയ്ക്ക് മദ്യവിൽപ്പനശാല മാറ്റിസ്‌ഥാപിക്കില്ലെന്ന് ബിവറേജ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെയും കൊല്ലം എഡിഎമ്മിന്റെയും ഉറപ്പിന്റെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ 16 ദിവസമായി നടന്നുവന്ന രാപകൽ സമരം അവസാനിപ്പിക്കാൻ സംയുക്‌ത സമരസമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

സമരസമിതി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ബിവറേജസ് കോർപ്പറേഷൻ എംഡിയും കൊല്ലം എഡിഎമ്മുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പ്രക്ഷോഭം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ജനുവരി 22 മുതലാണ് കോൺഗ്രസ്, സിപിഐ, ആർഎസ്പി, ബിജെപി, മുസ്ലിംലീഗ്, എസ്ഡിപിഐ, പിഡിപി സംഘടനകളുടെ നേതൃത്വത്തിൽ സംയുക്‌ത സമരസമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചത്.

പ്രദേശത്തെ വിവിധ സാംസ്കാരിക സംഘടനകളും സന്നദ്ധ സംഘടനകളും സമരത്തെ പിന്തുണച്ചു. സിപിഎം മാത്രം സമരത്തോട് യോജിച്ചില്ല.

സ്കൂളും ആരാധനാലയവും കശുവണ്ടി ഫാക്ടറിയും ഒക്കെയുള്ള ജനവാസ കേന്ദ്രത്തിൽ മദ്യശാല ആരംഭിക്കാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ് സമരം മുന്നോട്ടുപോയത്.

16 ദിവസത്തെ സമരത്തിനിടയിൽ 40 തവണ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇതുകൂടാതെ സായാഹ്നധർണ, ഉപരോധം, ഹർത്താൽ എന്നിവയും സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു.

ഏറ്റവും ഒടുവിൽ പഞ്ചായത്തിലേയ്ക്ക് ജനപ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്ത ബഹുജന മാർച്ചും നടന്നു. മാർച്ചിൽ പങ്കെടുത്തവർ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി വരെ മുഴക്കി.

സ്ത്രീകളാണ് സമരത്തിന്റെ മുന്നിൽ നിന്ന് പ്രവർത്തിച്ചത്. ഒടുവിൽ ഇവിടെ വിദേശമദ്യശാല സ്‌ഥാപിക്കേണ്ടതില്ലെന്ന പ്രമേയം പോലും പഞ്ചായത്ത് കമ്മിറ്റിക്ക് പാസാക്കേണ്ടി വന്നു. സിപിഎം അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് പ്രമേയം പാസായത്.

ജനവാസ കേന്ദ്രം മാത്രമല്ല ഇടുങ്ങിയ റോഡിലാണ് മദ്യശാല സ്‌ഥാപിക്കാൻ നീക്കം നടന്നതെന്ന് സമരസമിതി നേതാക്കളായ തുളസീഭായി, അസനാരുകുഞ്ഞ്, പി.ഷിജാർ, ശ്രീപ്രസാദ്, വസന്ത ബാലചന്ദ്രൻ, മോഡേൺ നുജും എന്നിവർ പറഞ്ഞു.

ബിവറേജസ് അധികൃതർ വ്യാജരേഖകൾ നൽകിയാണ് മദ്യശാലയ്ക്ക് ലൈസൻസിന് അപേക്ഷ നൽകിയത്. ഇവർ സമീപവാസികളെ തെറ്റിദ്ധരിപ്പിച്ച് സമ്മതപത്രം ഒപ്പിട്ട് വാങ്ങുകയായിരുന്നു.

പഞ്ചായത്തിന്റെ അതിർത്തിയിൽ ഒരിടത്തും വിദേശമദ്യ വിൽപ്പനശാല വേണ്ടെന്ന നിലപാടാണ് പഞ്ചായത്ത് കമ്മിറ്റി എടുത്തിട്ടുള്ളത്. കെട്ടിട ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

വാലിൽമുക്കിൽ വിദേശമദ്യശാല സ്‌ഥാപിക്കാനുള്ള നീക്കത്തിനെതിരേ എംഎൽഎയ്ക്ക് നിവേദനം നൽകിയെങ്കിലും അദ്ദേഹത്തിന്റെ മറുപടിയും സമീപനവും അനുകൂലമായിരുന്നില്ലെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.

അധികാരികളുടഎ വാക്കാലുള്ള ഉറപ്പിന്റെ അടിസ്‌ഥാനത്തിൽ താത്ക്കാലികമായാണ് സമരം നിർത്തിവയ്ക്കുന്നത്. ഉറപ്പ് ലംഘിച്ചാൽ അതിശക്‌തമായ സമരം സംഘടിപ്പിക്കുമെന്നും സംയുക്‌ത സമരസമിതി മുന്നറിയിപ്പ് നൽകി.