സിപിഎം ജില്ലാ സെക്രട്ടറിമാപ്പുപറയണം: ബിന്ദുകൃഷ്ണ

11:52 PM Feb 07, 2017 | Deepika.com
കൊല്ലം: കോൺഗ്രസ് നേതാവ് നെട്ടയം രാമഭദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ജയിലിലായ സിപിഎം ഏരിയാ സെക്രട്ടറി പി.എസ്.സുമൻ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്തായ സ്‌ഥിതിക്ക് സിപിഎം ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാൽ നടത്തിയ പ്രസ്താവനകൾ പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ.

കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു സിപിഎം നേതാക്കൾ ആദ്യം മുതലേ പറഞ്ഞുവന്നിരുന്നത്. എന്നാൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയാ സെക്രട്ടറിയുടെയും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെയും അറസ്റ്റോടെ ഇത് പൊളിഞ്ഞു.

തുടർന്ന് കോൺഗ്രസ്–ബിജെപി ഗൂഡാലോചന എന്ന അബദ്ധ ജഡിലമായ പ്രസ്താവന നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി ശ്രമിച്ചതെന്ന് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.

സിപിഎം അഞ്ചൽ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എസ്.സുമൻ 2016 സിബിഐയ്ക്ക് നൽകിയ പരാതിയിലും 27ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലും പറയുന്ന കാര്യങ്ങൾ ഈ കേസിലെ ഗൂഡാലോചന പരസ്യമായി വ്യക്‌തമാക്കുന്നതാണ്.

ഒന്നാം പ്രതി ഗിരീഷ്, രണ്ടാം പ്രതി ലോക്കൽ കമ്മിറ്റി സെക്രട്ടറി പദ്മൻ, ആറാംപ്രതി ബ്രാഞ്ച് സെക്രട്ടറി രാജീവ്, 21–ാം പ്രതി ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.ജയമോഹൻ എന്നിവർ ഗൂഡാലോചന നടത്തി തന്നെയും പ്രതിയാക്കുന്നതിന് ശ്രമിക്കുന്നതായാണ് സുമന്റെ ജാമ്യാപേക്ഷയിൽ പറയുന്നത്.

സുമന്റെ ഈ സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ്. എസ്.ജയമോഹൻ കേസന്വേഷിക്കുന്ന സിബിഐ സംഘത്തിലെ ഓഫീസറുമായി രഹസ്യ ധാരണ ഉണ്ടാക്കിയതായും ജാമ്യാപേക്ഷയിൽ സൂചിപ്പിക്കുന്നുണ്ട്.

കൊലപാതകത്തിലെ ഗൂഢാലോചന, നടത്തിയ രീതി, ഉപയോഗിച്ച വാഹനങ്ങൾ, പ്രതികൾ ഒളിവിൽ കഴിഞ്ഞ സ്‌ഥലങ്ങൾ, ഇവർക്ക് ഒളിവിൽ കഴിയുന്നതിന് സഹായിച്ച നേതാക്കൾ എന്നിവരെ കുറിച്ചും പ്രതികൾ കോടതിയിൽ കുറ്റസമ്മത മൊഴിയും നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ ഇതിനെ കുറിച്ച് ഒന്നും മിണ്ടാത്ത സിപിഎം ജില്ലാ സെക്രട്ടറി മൗനം അവസാനിപ്പിക്കണം.

പ്രതികളായ എല്ലാവരെയും ഔദ്യോഗിക സ്‌ഥാനങ്ങളിൽ നിന്നും പാർട്ടി സ്‌ഥാനങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള മാന്യത സിപിഎം നേതൃത്വം കാണിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്‌തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

നെട്ടയം രാമഭദ്രൻ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും ബിന്ദുകൃഷ്ണ വ്യക്‌തമാക്കി. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, കൃഷ്ണവേണി ജി.ശർമ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.