ഒ.എൻ.വി അനുസ്മരണം 13,14 തീയതികളിൽ

11:52 PM Feb 07, 2017 | Deepika.com
കൊല്ലം: കേരള സാഹിത്യ അക്കാഡമിയുടെയും ചവറ വികാസിന്റെയും സംയുക്‌താഭിമുഖ്യത്തിലുള്ള ഒ.എൻ.വി സ്മൃതി 13, 14 തീയതികളിൽ ചവറ വികാസ് ഓഡിറ്റോറിയത്തിൽ നടക്കും.

13ന് രാവിലെ എട്ടിന് ഒ.എൻ.വിയുടെ ജന്മഗൃഹമായ നമ്പ്യാടിക്കൽ വീട്ടിലെ എഴുത്തുപുരയിൽ സാഹിത്യ അക്കാഡമി ഭാരവാഹികളും വികാസ് അംഗങ്ങളും ഒ.എൻ.വിയുടെ ചവറയിലെ കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തും.

വികാസ് ഓഡിറ്റോറിയത്തിൽ ഒമ്പതിന് ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഒ.എൻ.വി കവിതകളുടെ ആലാപന മത്സരം നടക്കും. വിജയികൾക്കും പങ്കെടുക്കുന്നവർക്കും അക്കാഡമി സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകും.

വൈകുന്നേരം അഞ്ചിന് കവി ചവറ കെ.എസ്.പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന ഒ.എൻ.വി സ്മൃതി സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.രാജു നാരായണ സ്വാമി മുഖ്യാതിഥിയായിരിക്കും. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.

14ന് രാവിലെ 9.30ന് ഒ.എൻ.വി സെമിനാറിൽ ഡോ.കെ.പി.മോഹനൻ എഴുത്തുകാരന്റെ ആത്മഭാവം ഉജ്‌ജയിനിയിൽ എന്ന വിഷയവും ബാല്യം– ഒ.എൻ.വി കവിതയിൽ എന്ന വിഷയം ഡോ.എം.എം.സിദ്ധിഖും ഒ.എൻ.വി കവിതയിലെ പൗരാണിക ദർശനം എന്ന വിഷയം ഡോ.സി.ഉണ്ണികൃഷ്ണനും അവതരിപ്പിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ഒ.എൻ.വി കവിതയിലെ നവോത്ഥാന ധാരകൾ എന്ന വിഷയം ഡോ.പി.സോമൻ അവതരിപ്പിക്കും. മങ്ങാട് ബാലചന്ദ്രൻ മോഡറേറ്ററായിരിക്കും.

മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സാക്ഷ്യപത്ര വിതരണവും സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം പ്രഫ.വി.എൻ.മുരളി നിർവഹിക്കും. ഡോ.കെ.പി.മോഹനൻ, ശിവരാമൻ ചെറിയനാട്, എച്ച്. അനീഷ്, ജെയ്സൺ എന്നിവർ പ്രസംഗിക്കും.

സെമിനാറിൽ പങ്കെടുക്കുന്നതിന് പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി ഭാരവാഹി ചവറ കെ.എസ്.പിള്ള, സാഹിത്യ അക്കാഡമി അംഗം ഡോ.സി.ഉണ്ണികൃഷ്ണൻ, വികാസ് ഭാരവാഹികൾ എന്നിവർ അറിയിച്ചു. ഫോൺ: 9495701283.