കെ.എൻ.ബാലഗോപാലിന്റെ പ്രാദേശിക വികസന പദ്ധതികൾ അവസാനഘട്ടത്തിൽ

11:52 PM Feb 07, 2017 | Deepika.com
കൊല്ലം: മുൻ എംപി കെ.എൻ.ബാലഗോപാൽ 2010–11 മുതൽ 2015–16 വരെ തന്റെ പ്രാദേശിക വികസന പദ്ധതിയിൽ നിർദേശിച്ച പ്രവൃത്തികളിൽ 371 എണ്ണം പൂർത്തിയായി.

21 കോടി 52 ലക്ഷം രൂപയാണ് വികസന പദ്ധതികൾക്കായി ചെലവഴിച്ചത്. 84 പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലാണുള്ളത്. ഭരണാനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികൾ കൂടി പരിഗണിക്കുമ്പോൾ 29 കോടി 67 ലക്ഷം രൂപയുടെ ധനവിനിയോഗമാണുണ്ടാകുക.

ബാലഗോപാലിന്റെ രാജ്യസഭാ അംഗത്വ കാലാവധി മാർച്ച് 2016 ൽ അവസാനിച്ച സാഹചര്യത്തിൽ അദ്ദേഹം നിർദേശിച്ച എല്ലാ പ്രവൃത്തികളും ഭരണാനുമതിയിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തിനകം തന്നെ പൂർത്തീകരിക്കേണ്ടതാണെന്ന് നിർവഹണ ഉദ്യോഗസ്‌ഥരോട് ജില്ലാ പ്ലാനിംഗ് ഓഫീസർ നിർദേശിച്ചു.

കൊല്ലം, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ കെ എൻ ബാലഗോപാൽ നിർദേശിച്ച പ്രവൃത്തികൾ മാർച്ചോടെ പൂർത്തീകരിക്കണമെന്ന് കളക്ട്രേറ്റിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിൽ ധാരണയായി.

ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ മണിലാൽ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി പ്രദീപ്കുമാർ, ഫിനാൻസ് ഓഫീസർ എം.ഗീതാമണിയമ്മ വിവിധ ജില്ലകളിൽ നിന്നുള്ള നിർവഹണ ഉദ്യോഗസ്‌ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.