കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ വഴി ഇന്ന് മുതൽ വെള്ളം തുറന്ന് വിടും

11:52 PM Feb 07, 2017 | Deepika.com
തെന്മല: പരപ്പാർ ഡാം കേന്ദ്രമായുള്ള കല്ലട ജലസേചന പദ്ധതി (കെഐപി)യുടെ ഇടത്വലത് കര കനാലുകൾ വഴി ഇന്ന് മുതൽ വെള്ളം തുറന്ന് വിടും. മന്ത്രി മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ജലവിഭവ ഉന്നത ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചയിലാണ് കഴിഞ്ഞ ദിവസം തീരുമാനമായത്.

വെള്ളം തുറന്ന് വിടുന്നത് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വരൾച്ചയ്ക്ക് ഒരു പരിധി വരെ ആശ്വാസമാകും. ഈ മൂന്ന് ജില്ലകളിലെ 92 വില്ലേജുകളിലായി 912 കിലോമീറ്റർ കനാൽ ശൃംഖലയാണ് കെഐപി പദ്ധതിയിലുള്ളത്.

മുൻ വർഷങ്ങളിൽ ജനുവരിയിൽ കനാലുകൾ വഴി വെള്ളമൊഴിക്കിയിരുന്നത് ഇക്കുറി പരപ്പാർ ഡാമിലെ ജലക്കുറവ് കാരണവും അറ്റകുറ്റപണികൾ മൂലവും നീട്ടി വയ്ക്കുകയായിരുന്നു.

മൂന്ന് ജില്ലകളിലെയും ജലാശയങ്ങൾ വറ്റിവരണ്ടതോടെ കൃഷിയിടങ്ങളും മറ്റും നശിക്കുന്ന അവസ്‌ഥ വന്നതോടെ കർഷകരുടെ പ്രതിഷേധം ഉയർന്നതോടെയാണ് കനാലുകൾ വഴി വെള്ളം തുറന്ന് വിടുന്നതിന് മന്ത്രിതലത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായത്.

തെന്മല പരപ്പാർ ഡാമിൽ ഇപ്പോഴുള്ളത് 100.79 മീറ്റർ വെള്ളം മാത്രമാണ്. ഇത് തുറന്ന് വിട്ടാൽ ഒന്നര മാസത്തേക്ക് മാത്രമേ കാണുകയുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 14 മീറ്റർ ജലം കുറവാണിപ്പോൾ ഡാമിലുള്ളത്. ജലനിരപ്പ് കുറഞ്ഞതോടെ വൈദ്യുതി ഉദ്പാദനവും പകുതിയാക്കിയിരുന്നു.