ആദം മുഹമ്മദിന്റെ വിജയം; ആഹ്ളാദം പങ്കിട്ട് ജന്മനാട്

11:35 PM Jan 06, 2017 | Deepika.com
ചവറ: ജില്ലാ സ്കൂൾ കലോത്സവത്തിൽ ജാസ് ട്രംമ്മിൽ ഒന്നാമനായി താള ലയം സൃഷ്ടിച്ച് ആദം മുഹമ്മദ് എ ഗ്രേഡും നേടി തേവലക്കര അയ്യൻകോയിക്കൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളിന്റെ അഭിമാനമായി മാറി.

ഹയർസെക്കൻഡറി വിഭാഗത്തിലാണ് വെസ്റ്റേൺ സംഗീതത്തിൽ അജയനായിരിക്കുന്നത്. ജാസ് ട്രംമ്മിൽ ഈ കലാകാരൻ തൊടുത്ത് വിട്ട നാദം ആസ്വാദകനെ മായാ ലോകത്തെത്തിച്ച പ്ലസ് വൺ സയൻസ് വിദ്യാർഥിയായ ആദമിന് കാണികളുടെ കൈയടി നേടാനായതും അർഹതക്ക് കിട്ടിയ അംഗീകാരമാണ്.

മാപ്പിളപ്പാട്ടിലും ഇക്കുറിയും തന്റെ സാന്നിധ്യം ഉറപ്പിച്ച് രണ്ടാംസ്‌ഥാനവും എ ഗ്രേഡും നേടി കഴിവ് തെളിയിച്ചു. കഴിഞ്ഞ വർഷത്തെ ജില്ലാ സ്കൂൾ കലോത്സവത്തിലും മാപ്പിളപ്പാട്ടിൽ രണ്ടാം സ്‌ഥാനവും എ ഗ്രേഡും നേടിയിരുന്നു. പുത്തൻ സങ്കേതം കൊപ്രാപ്പുര ന്യൂ ഹൗസിൽ ഗായകനും ശബരിമലയിൽ മണ്ഡലകാലത്ത് സംഗീതാർച്ചന നടത്തി പ്രശസ്തനുമായ പത്തനം തിട്ട ക്രൈംബ്രാഞ്ചിലെ എഎസ് ഐ മുഹമ്മദ് റാഫിയുടെയും അധ്യാപിക സജീല ബീവിയുടെയും മകനാണ് ആദം മുഹമ്മദ്.

പ്രശസ്ത വെസ്റ്റേൺ ഡ്രമ്മർ ജോബോയ് ആണ് ജാസ് ഡ്രമ്മിൽ ആദം മുഹമ്മദിന്റെ ഗുരു. നിരവധി ചാനലുകളിൽ സംഗീതപരിപാടിയിൽ മത്സരാർഥിയായി വന്ന് സമ്മാനങ്ങളും നേടിയ ആദം മുഹമ്മദിന് പഠിച്ച് ജോലി നേടുന്നതിനോടൊപ്പം അറിയപ്പെടുന്ന ഒരു ഗായകനും ഡ്രമ്മറും ആകണമെന്നാണ് ആഗ്രഹം. സ്കൂളിന് നേട്ടം ഉണ്ടാക്കിയ പഠനത്തിലും, കലയിലും മിടുക്കനായ ഈ വിദ്യാർഥിയെ അനുമോദിക്കാനുളള തയാറെടുപ്പിലാണ് സ്കൂൾ അധികൃതർ.