കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം

11:35 PM Jan 06, 2017 | Deepika.com
അഞ്ചൽ: പതിഞ്ഞ താളത്തിൽ തുടങ്ങി മേളപ്പെരുക്കം പോലെ കൊട്ടിക്കയറി ചന്നംചിന്നം പെയ്തുതോരുന്ന മാരിപോലെ കഴിഞ്ഞ നാലുദിനരാത്രങ്ങളിലായി അഞ്ചുചൊല്ലിന്റെ നാടിനെ പുളകച്ചാർത്തണിയിച്ച ജില്ലാ സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും. ഇന്നത്തെ മത്സരങ്ങൾക്കുശേഷം പ്രതിഭകൾ അരങ്ങൊഴിയുന്നതോടെ 57–ാം റവന്യു ജില്ലാ കലോത്സവവും ചരിത്രത്തിന്റെ ഭാഗമാകും.

കലോത്സവത്തിലെ ഓവറോൾ കിരീടത്തിന്റെ അവകാശികളേയും ഇന്നത്തെ അസ്തമനത്തോടെ അറിയാം. കേട്ടുതഴമ്പിച്ച ശബ്ദാനുകരണങ്ങൾകൊണ്ട് മിമിക്രി വേദി ആവർത്തന വിരസതയുണർത്തിയെങ്കിലും സമകാലീനവും പ്രസക്‌തവുമായ നിരവധി സംഭവങ്ങൾ കോർത്തിണക്കി അവതരിപ്പിക്കപ്പെട്ട ഇത്തവണത്തെ മോണോ ആക്ട് മത്സരം പതിവുപോലെ മികവ് പുലർത്തി.

പ്രണയവും പ്രതീക്ഷയും നിരാശയും വേദനയുമെല്ലാം കുരുന്നുകളുടെ മുഖത്ത് മിന്നിമറഞ്ഞപ്പോൾ വിവിധ സദസുകളിലെ കാണികൾക്ക് അത് മികച്ച ദൃശ്യവിസ്മയമായി മാറി. മത്സരിക്കാൻ വേണ്ടിമാത്രം പരിശീലനം നടത്തുന്നതുമൂലം മിക്കപ്പോഴും പ്രധാന നൃത്തകലാമത്സരങ്ങളിൽ മെയ്വഴക്കങ്ങൾ നഷ്‌ടമാകുന്നെന്ന പോരായ്മ വർധിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി കണ്ടുവരുന്ന തമിഴ്നാട്ടിൽ നിന്നുള്ള വിധികർത്താക്കൾ ഇത്തവണയും യുവജനോത്സവേദികളിൽ സാന്നിധ്യമറിയിച്ചു.

പ്രധാനവേദിയിലെ ആദ്യമത്സരാർഥിയെതന്നെ മേക്കപ്പ് പൂർത്തിയാക്കാത്തതുമൂലം ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണത്തെ കലോത്സവത്തിന് തുടക്കം കുറിച്ചത്. ചവിട്ടുനാടകത്തിന്റെ വിധിനിർണയത്തിലും തിരിമറി നടന്നതായി ആദ്യദിനംതന്നെ പരാതി ഉയർന്നിരുന്നു.

എച്ച്എസ്എസ് മൂകാഭിനയത്തിൽ ഒന്നാമതെത്തിയവരെ രണ്ടാം സ്‌ഥാനക്കാർ കയ്യേറ്റം ചെയ്തതും ഇതേ മത്സരത്തിൽ പങ്കെടുക്കാനെത്തിയ മറ്റൊരു ടീമിന്റെ സിഡിയും മേയ്ക്കപ്പ് സാധനങ്ങളും വച്ചിരുന്ന ബാഗ് മോഷ്‌ടിക്കപ്പെട്ടതും കലോത്സവത്തിലെ വേറിട്ട സംഭവങ്ങളായി.

വട്ടപ്പാട്ട് മത്സരത്തിൽ തിരിമറി നടന്നെന്നാരോപിച്ച് വേദിയിൽ നടന്ന സംഘർഷത്തിനിടെ തടസംപിടിക്കാനെത്തിയ അധ്യാപകന്റെ മേൽ ഒരു വിദ്യാർഥി ചൂട് ചായ ഒഴിച്ചതും കലോത്സവത്തിലെ മറ്റൊരു തിക്‌താനുഭവമായിരുന്നു.

കലോത്സവ ചരിത്രത്തിൽ ആദ്യമായി മത്സരവിജയികളുടെ പേരും ഫോട്ടോയും ആലേഖനം ചെയ്ത വ്യക്‌തിഗത ട്രോഫികൾ ഏർപ്പെടുത്തിയതും മോണോ ആക്ട് വേദിയിൽ സംഘാടകരിൽ ഒരാളായ എഇഒ മാർക്ക് ഷീറ്റ് തന്നെ കാണിക്കണമെന്ന പിടിവാശിയിൽ വിധികർത്താക്കളുമായി വാക്കേറ്റം നടത്തിയതും 57–ാം ജില്ലാ കലോത്സവത്തിന്റെ മായാത്ത ഓർമകളായി മാറി.

കലോത്സവങ്ങൾ കലാപോത്സവങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കലാപത്തിന്റെ വ്യാപ്തി അല്പം കുറവായതിൽ സംഘാടകർക്ക് ആശ്വാസിക്കാം.

ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെ ജില്ലാകലോത്സവത്തിന് തിരശീലവീഴും. ചടങ്ങ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ടീച്ചർ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി.കെ. ഹരികുമാർ ഫലപ്രഖ്യാപനവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്. ശ്രീകല സമ്മാനളുടെ വിതരണവും നടത്തും. എംഎൽഎമാരായ മുല്ലക്കര രത്നാകരൻ, പി. അയിഷാപോറ്റി, എം. നൗഷാദ്, സിറ്റി പോലീസ് കമ്മീഷണർ ഡോ. എസ്. സതീഷ് ബിനോ എന്നിവർ പ്രസംഗിക്കും.