എച്ച് എസ് വിഭാഗം നാടകമത്സരത്തിൽ ചവറ അയ്യംകോയിക്കൽ സ്കൂൾ ഒന്നാമത്

11:35 PM Jan 06, 2017 | Deepika.com
അഞ്ചൽ: അരങ്ങിലെത്തി കഥാപാത്രങ്ങളാകാൻ കുട്ടികൾ മത്സരിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ വിജയികളായത് സർക്കാർ വിദ്യാലയം. ചവറ അയ്യംകോയിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളാണ് മികച്ച നിലവാരം പുലർത്തിയ നാടകമത്സരത്തിൽ ഒന്നാമതെത്തിയത്.

അവയവദാനത്തിന്റെ പ്രസക്‌തിയും ലഹരിയുടെ ദൂഷ്യവശങ്ങളും വ്യക്‌തമായി അവതരിപ്പിച്ച ഇനിയൊന്ന് പറയട്ടെ എന്ന നാടകമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ നാടകത്തിലെ സാം അലക്സ് എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ അൻവാസ് നിഷാനാണ് മികച്ച നടൻ.

കഴിഞ്ഞ വർഷം മോണോ ആക്ട് മത്സരത്തിൽ വിജയിയായിരുന്നു അൻവാസ്. ലഹരിക്കടിമപ്പെട്ട സാം അലക്സ് എന്ന വ്യക്‌തി വാഹനാപകടത്തിൽ മരണപ്പെടുകയും അദ്ദേഹത്തിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ഉപയോഗപ്രദമാകുന്നതുമാണ് കഥാതന്തു. കൊല്ലം സ്വദേശിയായ വിമൽ വിനോദാണ് പരിശീലകൻ. ആതിര രവി, വിനയ വിജയൻ, അനുശ്രീ, ദേവീക, ഹർഷത്, അജ്സൽ, ദേവകൃഷ്ണൻ, അനന്തകൃഷ്ണൻ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങൾ.