കൊല്ലത്തെ തിയേറ്ററുകളിൽ റെയ്ഡ്

11:35 PM Jan 06, 2017 | Deepika.com
കൊല്ലം: നഗരത്തിലെ തിയേറ്ററുകളിൽ പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും കോർപ്പറേഷൻ അധികൃതരും സംയുക്‌ത പരിശോധന നടത്തി.

കടപ്പാക്കടയിലെ തിയേറ്ററിലെ കോഫി ഷോപ്പിൽ വൻ ക്രമക്കെടുകൾ കണ്ടെത്തി. അളവിലും തൂക്കത്തിലും വെട്ടിപ്പ്, അമിതവില, കാലാവധി കഴിയാറായ ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന എന്നിവയാണ് കണ്ടെത്തിയത്.

50 ഗ്രാം ലേബൽ ഒട്ടിച്ച പോപ്കോണിൽ 35 ഗ്രാമേ ഉള്ളൂവെന്ന് പരിശോധനയിൽ കണ്ടെത്തി. പഫ്സിനും കുപ്പിവെള്ളത്തിനും ഈടാക്കുന്നത് 30രൂപ. കാലാവധി തീർന്ന പായ്ക്കറ്റിൽ നിറച്ച ഭക്ഷ്യസാധനങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്നതും കണ്ടെത്തി.

ഇവ അടിയന്തിരമായി മാറ്റാൻ ഉദ്യോഗസ്‌ഥർ നിർദേശം നൽകി. വിജിലൻസ് സിഐമാരായ എ.പ്രദീപ്, അൽജബ്ബാർ, എഎസ്ഐമാരായ സെബാസ്റ്റ്യൻ, മുരുകൻ, സിവിൽ പോലീസ് ഓഫീസർമാരായ ആൽബർട്ട്, ബിജുലാൽ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

ഫയർഫോഴ്സ് അധികൃതരും വൈദ്യുതി വകുപ്പ് അധികൃതരും കഴിഞ്ഞ ദിവസങ്ങളിൽ തിയേറ്ററുകളിൽ പരിശോധന നടത്തുകയുണ്ടായി. ടിക്കറ്റിൽ കൃത്രിമം കാണിക്കുന്നോ എന്നറിയാൽ വിജലൻസ് സംഘം ക്യൂവിൽ നിന്ന് ടിക്കറ്റെടുത്തും പരിശോധന നടത്തി.