നിഥിൻ ഇനി ആറു പേരിലൂടെ ജീവിക്കും

11:35 PM Jan 06, 2017 | Deepika.com
കരുനാഗപ്പള്ളി: കുടുംബത്തോടൊപ്പം നാടിനും പ്രിയപ്പെട്ടവനായിരുന്ന നിഥിൻ ഇനി ആറു പേരിലൂടെ ജീവിക്കും.

ബൈക്കപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച കരുനാഗപ്പള്ളി തൊടിയൂർ കല്ലേലിഭാഗം പുതുമംഗലത്ത് കിഴക്കതിൽ മോഹന്റെയും ലളിതയുടേയും മകൻ 19 കാരനായ നിഥിൻ ആണ് അവയവദാനത്തിലൂടെ ഇനി ആറു പേരിലൂടെ ജീവിക്കുക.

കഴിഞ്ഞ മൂന്നിന് രാത്രി 9.30ന് ശാസ്താംകോട്ട–കരുനാഗപ്പള്ളി റോഡിൽ മാരാരിത്തോട്ടം പെട്രോൾ പമ്പിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഗുരുതരമായി പരിക്കേറ്റ നിഥിനെ എറണാകുളത്തെ ലേക്ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ജീവൻ നിലനിർത്താൻ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും പ്രത്യാശയ്ക്കിടവരാത്തവിധം നിഥിൻ മസ്തിഷക മരണത്തിലേക്ക് നടന്നടുത്തിരുന്നു. വ്യാഴാഴ്ച രാവിലയോടെ മസ്തിഷ്ക മരണം സ്‌ഥിരീകരിച്ചു. തുടർന്ന് നിഥിന്റെ കുടുംബാംഗങ്ങൾ ആന്തിരകാവയവങ്ങൾ മറ്റുള്ളവർക്ക് ഉപകാരമാകത്തക്കവിധത്തിൽ ദാനം ചെയ്യാൻ തയാറാവുകയായിരുന്നു.

ഒൻപത് അവയവങ്ങളാണ് ആറുപേർക്കായി ദാനം ചെയ്തത്. എറണാകുളം ജില്ലാആശുപത്രി,ലേക്ഷോർ, അമൃതാഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവർക്കാണ് നിഥിന്റെ അവയവങ്ങൾ പുതുജീവനേകുന്നത്. പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവല്ല സ്വദേശികൾക്കായാണ് കണ്ണുകൾ, വൃക്ക, ഹൃദയം, കരൾ. പാൻക്രിയാസ് ധമനി, ശ്വാസകോശം എന്നിവയാണ് പകുത്തു നൽകിയത്.

പ്രാരാബ്ദങ്ങൾക്ക് നടുവിലായിരുന്നു നിഥിന്റെ ജീവിതം. പത്താംക്ലാസിൽ മികച്ച വിജയം നേടിയെങ്കിലും വീട്ടിലെ അവസ്‌ഥയെ തുടർന്ന് പഠിക്കാൻ കഴിയാതെ സ്വകാര്യബസിൽ ജീവനക്കാരനാവുകയായിരുന്നു. കൂലിപ്പണിക്കാരനായ പിതാവിനു ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു. അപകട ദിവസം ജോലി കഴിഞ്ഞ് ഭക്ഷണം വാങ്ങുന്നതിനായി സുഹൃത്തിനോടപ്പം ബൈക്കിൽ പോകും വഴിയായിരുന്നു അപകടം.

ഒപ്പം ഉണ്ടായിരുന്ന സുഹൃത്തു നൗഫൽ ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എതിരെ വന്ന ബൈക്കിൽ യാത്ര ചെയ്തിരുന്ന മൈനാഗപ്പള്ളി സ്വദേശി ശ്യാംലാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിവച്ചാണ് നിഥിൻ യാത്രയായത്. ചെറിയ കൂരയിലായിരുന്നു നിഥിനും സഹോദരനും മാതാപിതാക്കളും കഴിഞ്ഞ് വന്നത്. കഴിഞ്ഞ മഴ സമയത്ത് ആ വീടും നിലം പൊത്തി. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഓട്ടത്തിലായിരുന്നു ഈ യുവാവ്. നിഥിന്റെ ശരീരത്തിൽ നിന്നും അവയവങ്ങൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വെള്ളിയാഴ്ച ഉച്ചയോടെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ പൂർത്തിയാക്കിയിരുന്നു.

പിന്നീട് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്നലെ രാത്രിയോടെ മാരാരിത്തോട്ടം ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വിപിൻ സഹോദരനാണ്.

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേദനകൾ നൽകി വിട്ട് പിരിഞ്ഞെങ്കിലും നിഥിന്റെ കണ്ണുകൾ കാണാനും സ്പന്ദനം കേൾക്കാനും അവർക്കാകും. ആറു പേരുടെ ജീവിതത്തിൽ വെളിച്ചമേകി യാത്രയായ നിഥിന്റെ സംസ്കാര ചടങ്ങിൽ നാടൊന്നാകെ അന്ത്യോപചാരം അർപ്പിക്കാനെത്തി.