കലോത്സവത്തിൽ നാടകാചാര്യൻ വയലാവാസുദേവൻപിള്ളക്ക് വിസ്മൃതി

11:33 PM Jan 05, 2017 | Deepika.com
അഞ്ചൽ: ജന്മനാട്ടിലെത്തിയ കലോത്സവത്തിൽ നാടകാചാര്യന് വിസ്മൃതി. മലയാള നാടകകലയെയും കുട്ടികളുടെ നാടകവേദിയെയും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്ന വയലാ വാസുദേവൻപിള്ളയെ കലോത്സവ സംഘാടകരും മറന്നു.

ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആതിഥേയ സ്കൂളായ അഞ്ചൽ ഈസ്റ്റ് സ്കൂളിലെ വേദിക്ക് ആചാര്യന്റെ പേരെങ്കിലും നൽകാമായിരുന്നുവെന്ന് ആക്ഷേപമുന്നയിക്കുന്നവരുണ്ട്.

കുട്ടികളുടെ നാടകസപര്യയെ പൊതുസമൂഹത്തിലേക്ക് എത്തിച്ച അതുല്യപ്രതിഭയാണ് ഡോ. വയലാ വാസുദേവൻപിള്ള. അറുപതിലധികം രാജ്യങ്ങളിൽ നാടകസപര്യയുമായി സഞ്ചരിച്ച വയലാ വാസുദേവൻപിള്ള അഞ്ചലിന് പുറത്തിന്നും സുപരിചിതനാണ്. അഞ്ചലിനു സമീപം വയലാ ഗ്രാമത്തിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാസുദേവൻപിള്ളയ്ക്ക് വേണ്ടി സ്മാരകവും നാടകഗവേഷണ കേന്ദ്രവും ഒരുക്കുകയാണ്.

രചയിതാവ്, സംവിധായകൻ, നടൻ, നിരൂപകൻ, ചരിത്രകാരൻ, അധ്യാപകൻ, ഗവേഷകൻ, പ്രഭാഷകൻ, കവി തുടങ്ങിയ നിരവധി മേഖലകളിൽ എടുത്ത് പറയാൻ കഴിയുന്ന പേരാണ് അദ്ദേഹത്തിന്റേത്.

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് നാടകത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം പഠനകാലത്ത് അധ്യാപകരുടെ നാടകത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. പിന്നീട് കുട്ടികളുടെ നാടകത്തിലേക്ക് ചുവട് മാറ്റി. പന്ത്രണ്ട് ഭാരതീയ ക്ലാസിക് നാടകങ്ങളിൽ ഒരെണ്ണം വയലയുടെ അഗ്നിയാണ്.

ഇതിനുപുറമെ ഇന്ത്യൻ പ്രസിഡന്റിന്റെ കൈയിൽ നിന്നും ഫെലോഷിപ്പ് ലഭിച്ച കേരളത്തിലെ ഏക നാടകപ്രവർത്തകൻ എന്ന ബഹുമതിയും വയല വാസുദേവൻപിള്ളയ്ക്ക് സ്വന്തമാണ്.

ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിലെ നാടകവിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കാൻ പോകുന്നത് ചലച്ചിത്രനടനായിരുന്ന നരേന്ദ്രപ്രസാദും കർണാടക സ്വദേശിയായ ഗീരിഷ് കർണയും വയല വാസുദേവൻ പിള്ളയുമായിരുന്നു.

ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ വയലയിൽ സംസ്‌ഥാന സർക്കാരിന്റെ സഹായത്തോടെ നാടക ഗവേഷണപഠനകേന്ദ്രവും ഗ്രന്ഥശാലയും പെർഫോമിംഗ് ആർട്സ് സെന്ററും ഒരുങ്ങുന്നുണ്ട്. കലാമേള സംഘാടകർ പലപ്പോഴും വയല വാസുദേവൻപിള്ളയെ വിസ്മരിക്കുന്നതായി നാട്ടുകാർക്ക് പരിഭവമുണ്ട്.