നിർത്തിയിട്ടിരുന്ന ബസിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്

11:33 PM Jan 05, 2017 | Deepika.com
ചവറ: സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിൽ എതിരെ വന്ന കാറിടിച്ച് കാർ യാത്രികരായ നാലുപേർക്ക് പരിക്കേറ്റു. ചവറ–ശാസ്താംകോട്ട റോഡിൽ തേവലക്കര കോട്ടുമുക്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. ചവറയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടെ പടപ്പനാൽ ഭാഗത്ത് നിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ബസിലിടിക്കുകയായിരുന്നു.

മുന്നിൽ പോകുകയായിരുന്ന കാറിനെ ഓവർ ടേക്ക് ചെയ്ത് വന്നാണ് ഇടിച്ചതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. അപകടത്തിൽ കാറിലുണ്ടായി രുന്ന തെക്കുംഭാഗം സ്വദേശികൾക്കാണ് പരിക്കേറ്റത്. ഡ്രൈവറെ കൂടാതെ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നപ്പോൾ കാർ പൂർണമായും തകർന്നു. തെക്കുംഭാഗം പോലീസെത്തിയാണ് അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്‌ഥാപിച്ചത്.