മന്ത്രിയും എംഡിമാരുംരാജിവയ്ക്കണം: കെടിയുസി–ജേക്കബ്

11:33 PM Jan 05, 2017 | Deepika.com
കൊല്ലം: കാഷ്യു കോർപ്പറേഷനിലെയും കാപ്പെക്സിലെയും തോട്ടണ്ടി കച്ചവടത്തെ കുറിച്ച് അന്വേഷണം നേരിടുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും എംഡിമാരും രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ്–ജേക്കബ് വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണനും കെടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി എഴുകോൺ സത്യനും ആവശ്യപ്പെട്ടു.

മന്ത്രിമാർ ത്വരിത പരിശോധനയ്ക്ക് വിധേയരായാൽ രാജിവയ്ക്കണമെന്നുള്ള എൽഡിഎഫിന്റെ മുൻ നിലപാടിൽ മാറ്റമുണ്ടോയെന്ന് കൺവീനർ വൈക്കം വിശ്വനും ഘടകക്ഷി നേതാക്കളും വ്യക്‌തമാക്കണം.

മുൻ മന്ത്രി കെ.എം.മാണിക്കെതിരേ ത്വരിത പരിശോധനയ്ക്ക് ഉത്തരവ് ഉണ്ടായപ്പോൽ സമരം നടത്തിയ എൽഡിഎഫിന്റെ അതേ നയം തന്നെ തുടരാൻ കേരള കോൺഗ്രസ്–ജെയും കെടിയുസിയും തീരുമാനിച്ചിരിക്കയാണ്. യുഡിഎഫ് ജില്ലാ നേതൃത്വവുമായി ആലോചിച്ച് ശക്‌തമായ സമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ വ്യക്‌തമാക്കി. ജനറൽ സെക്രട്ടറി കുളക്കട രാജു, ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാൻസിസ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.