സംബോധ് ഫൗണ്ടേഷന്റെ ഋഷിവിഷൻ–2017 കൊല്ലത്ത്

11:33 PM Jan 05, 2017 | Deepika.com
കൊല്ലം: സംബോധ് ഫൗണ്ടേഷന്റെ ആചാര്യൻ സ്വാമി ബോധാനന്ദ സരസ്വതിയുടെ കൊല്ലം സന്ദർശനത്തിന്റെ ഭാഗമായി ഒമ്പതുമുതൽ 13വരെ ഋഷിവിഷൻ–2017 എന്ന പേരിൽ ഫൗണ്ടേഷൻ വിവിധ പരിപാടികൾ നടത്തും.

ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ സാനുകമ്പാ നീതി പ്രയോഗത്തിൽ വരുത്തുക എന്ന ലക്ഷ്യവുമായി വയോജനങ്ങളുടെയും രോഗാവസ്‌ഥയിലുള്ളവരുടെയും വീടുകൾ സന്ദർശിച്ച് സഹായ സാന്ത്വനങ്ങൾ നൽകും.

10ന് രാവിലെ 6.30ന് കൊല്ലം ആശ്രാമം ലിങ്ക് റോഡിന് സമീപത്തുനിന്ന് ആരോഗ്യ ബോധവത്ക്കരണത്തിനായി റൺ സംബോധ് റൺ ആരംഭിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി ഫ്ളാഗ് ഓഫ് ചെയ്യും.

11ന് രാവിലെ 6.30മുതൽ കൊല്ലം ബീച്ച് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണ പ്രതിജ്‌ഞയെടുക്കും. മേയർ വി.രാജേന്ദ്രബാബു പരിപാടി ഉദ്ഘാടനം ചെയ്യും. ഇ.ഷാനവാസ്ഖാൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും.

12ന് വൈകുന്നേരം 5.20ന് കൊല്ലം ബീച്ച്റോഡിലെ ഫേൺസ് ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ, തുടർന്ന് വേദാന്തവും പുരുഷാർഥങ്ങളും എന്ന വിഷയത്തിൽ സ്വാമി ബോധാനന്ദ സരസ്വതിയുടെ പ്രഭാഷണം. വിവിധ രംഗങ്ങളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും.

13ന് രാവിലെ 10.30ന് സ്വയം സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനം നൽകും. സോജ തുളസീധരൻ പരിശീലനം ഉദ്ഘാടനം ചെയ്യും.

ഫൗണ്ടേഷൻ സെക്രട്ടറി കല്ലൂർ കൈലാസ് നാഥ്, വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണൻ നായർ, ട്രസ്റ്റ് അംഗം പാർവതി, എക്സിക്യൂട്ടീവ് അംഗം ശാന്ത പൈ, യൂത്ത് വിംഗ് സെക്രട്ടറി ആനന്ദ് വിനായക് എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.