സ്വകാര്യ കശുവണ്ടി ഫാക്ടറികൾതുറന്ന് പ്രവർത്തിപ്പിക്കണം: സിപിഎം

11:33 PM Jan 05, 2017 | Deepika.com
കൊല്ലം: അടച്ചിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും വ്യവസായത്തെ തകർക്കാനുള്ള ശ്രമത്തിൽ നിന്ന് വ്യവസായികൾ പിന്മാരണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാൽ, സെക്രട്ടേറിയറ്റംഗം എൻ.എസ്.പ്രസന്നകുമാർ എന്നിവർ ആവശ്യപ്പെട്ടു.അടച്ചിട്ട ഫാക്ടറികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറി പടിക്കൽ നിരാഹാര സമരം നടന്നുവരികയാണ്. ഈ സമരം കൂടുതൽ ശക്‌തമാക്കാൻ സിപിഎം തീരുമാനിച്ചിരിക്കയാണ്.

കശുവണ്ടി വ്യവസായത്തിൽ കൊല്ലം ജില്ലയിൽ മാത്രം രണ്ട് ലക്ഷത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. രാജ്യത്തെ കശുവണ്ടി സംസ്കരണത്തിന്റെ 60 ശതമാനവും കൊല്ലത്താണ് നടക്കുന്നത്.ഒരു വർഷം കൂലിയായി തൊഴിലാളികൾക്ക് രണ്ടായിരം കോടിയലധികം രൂപയാണ് നൽകുന്നത്. ഇത് ജില്ലയുടെ സാമ്പത്തിക രംഗത്തിന് സജീവത നൽകുന്നതാണ്. ഈ മേഖലയുടെ തകർച്ച എല്ലാ രംഗത്തെയും ബാധിക്കും. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ ഇറക്കുമതി നികുതിയും നയങ്ങളും വ്യവസായത്തിന് ഭീഷണി ഉയർകത്തുണ്ടെന്നും നേതാക്കൾ വ്യക്‌തമാക്കി.

സംസ്‌ഥാന സർക്കാരുമായി സഹകരിച്ച് തുറന്ന ചർച്ചകളിലൂടെ ഫാക്ടറികൾ തുറക്കാൻ വ്യവസായികൾ തയാറാകണം. ഫാക്ടറികൾ തുറന്നാൽ തൊഴിലാളികൾക്ക് പരമാവധി തൊഴിൽദിനങ്ങൾ നൽകാനും ഇതിലൂടെ വ്യവസായത്തെ രക്ഷിക്കാനും കഴിയുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.