പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെരൂക്ഷവിമർശനവുമായി നഗരസഭ ചെയർമാൻ

11:33 PM Jan 05, 2017 | Deepika.com
പുനലൂർ: പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ രംഗത്ത്.

യുഡിഎഫിന്റെ ഭരണകാലത്താണ് പുനലൂർ നഗരസഭയിൽ അഴിമതി നടന്നിട്ടുള്ളത്. കോൺഗ്രസിന്റെ ചില മുതിർന്ന നേതാക്കൾ നഗരസഭയുമായി ബന്ധപ്പെട്ട് വൻ അഴിമതി നടത്തിയിട്ടുണ്ട്.

ചരിത്രസ്മാരകമായ പുനലൂർ തൂക്കുപാലത്തിന്റെ നവീകരണത്തിലും കെഎസ്ആർടിസി വക സ്‌ഥലം കൈമാറ്റം ചെയ്തതിലും മറ്റും വ്യാപകമായ അഴിമതിയാണ് നടന്നത്. വാളക്കോട്ടുള്ള പൈപ്പ് ലൈന്റെ വാൽവ് അടച്ച് ഒരു കോൺഗ്രസ് നേതാവ് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചതായും ചെയർമാൻ ആരോപിച്ചു.

തനിക്കെതിരെ വെറും ആരോപണങ്ങൾ ഉന്നയിച്ച് സമ്മർദ്ദത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് താൻ അഴിമതി നടത്തിയെന്നു പറയുന്നവർ യാതൊരു തെളിവുകളും നിരത്താതെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ താൻ രാജി വയ്ക്കുമെന്നും ചെയർമാൻ എം.എ. രാജഗോപാൽ അറിയിച്ചു.

പുനലൂർ നഗരസഭയിൽ വൻ തോതിൽ വികസനം നടക്കുന്നതിന്റെ അമർഷമാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത്. കോടികണക്കിന് രൂപയുടെ വികസനമാണ് പുനലൂരിൽ നടത്താൻ ലക്ഷ്യമിട്ടിട്ടുള്ളതെന്നും ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.