ഗാന്ധിഭവനിൽ ഗുരുവന്ദന സംഗമവുംപ്രതിഭകളെ ആദരിക്കലും ഇന്ന്

11:33 PM Jan 05, 2017 | Deepika.com
പത്തനാപുരം: ഗാന്ധിഭവനിൽ 737ാമത് ഗുരുവന്ദന സംഗമവും പ്രതിഭകളെ ആദരിക്കലും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.

വയോജനങ്ങൾ പാഴ്വസ്തുക്കളായി ഉപേക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈ അവസ്‌ഥയെ പ്രതിരോധിച്ചു വിദ്യാർഥിസമൂഹത്തിന്റെ ശ്രദ്ധയ്ക്കായി മാതാവും പിതാവും ഗുരുവുമാണ് കാണപ്പെട്ട ദൈവങ്ങൾഎന്ന സന്ദേശപ്രചാരണ പരമ്പരയുടെ ഭാഗമായാണ് ഗുരുവന്ദന സംഗമം നടത്തുന്നത്.

ഇതിന്റെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. ജില്ലാപഞ്ചായത്തംഗം എസ്. വേണുഗോപാൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ്, കെ.എൻ. സത്യാനന്ദപണിക്കർ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ബി. അജയകുമാർ, ബ്ലോക്പഞ്ചായത്ത് അംഗം മിനി ഷാജഹാൻ, പത്തനാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെയ്ക്പരീത്, എസ്. എം. ഷെരീഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ജിയാസുദീൻ, സിപിഐ കമ്മിറ്റി അംഗം കെ. വാസുദേവൻ, കുണ്ടയം ബ്രാഞ്ച് സെക്രട്ടറി ജെ. മുഹമ്മദ് ഇല്ല്യാസ് എന്നിവർ പങ്കെടുക്കും. ഗുരുവന്ദന സംഗമത്തോടനുബന്ധിച്ച് കെ. ധർമ്മരാജൻ, വർഗീസ് പട്ടാഴി, രാധാകൃഷ്ണൻ സമഭാവന, കെ. മനോഹരൻ കൊല്ലം എന്നീ പ്രതിഭകളെ ആദരിക്കും.