യുവജനോത്സവത്തിന്റെ ബാക്കിപത്രമായി പഴയ വേദി

11:33 PM Jan 05, 2017 | Deepika.com
അഞ്ചൽ: യുവജനോത്സവത്തിന്റെ ബാക്കിപത്രമായി അഞ്ചൽ ഈസ്റ്റ് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലെ പഴയ സ്റ്റേജ് മാറി. നിരവധി ജില്ലാ കലോത്സവങ്ങളും നൂറുകണക്കിന് ഇതര പരിപാടികൾക്കും സാക്ഷ്യം വഹിച്ച സ്റ്റേജാണ് ഇത്തവണത്തെ കലോത്സവ മേളയിൽ സംഘാടകരുടെ ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ടത്.

1985 മാർച്ച് 31ന് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ആർ ബാലകൃഷ്ണപിള്ളയാണ് പി. ഗോപാലൻ സ്മാരക ഓഡിറ്റോറിയമായി ഇതിന്റെ ഉദ്ഘാടനം നടത്തിയത്. മുൻമന്ത്രികൂടിയായ വി. സുരേന്ദ്രൻപിള്ളയുടെ ശ്രമഫലമായാണ് ഈ വേദി നിർമിച്ചത്.

മൂന്നുപതിറ്റാണ്ടിലേറെയായി ആയിരക്കണക്കിന് കലാകാരന്മാരാണ് ഇവിടെ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. കോൺക്രീറ്റ് നിർമിതമായ കെട്ടിടം ഇപ്പോൾ ബലക്ഷയം നേരിടുന്നതിനൊപ്പം ഇതിന്റെ മേൽക്കൂരയിൽ ആലും കിളിർത്തു തുടങ്ങി. ഈ കാരണങ്ങളെല്ലാം യുവജനോത്സവത്തിന്റെ പ്രധാനവേദിയെന്ന സ്‌ഥാനം ഈ ഓഡിറ്റോറിയത്തിന് നഷ്‌ടപ്പെടുത്തി. പഴയ സ്റ്റേജിന് മുന്നിൽ നിന്നും 20 മീറ്ററോളം മുന്നോട്ട് മാറ്റിയാണ് ഇത്തവണ താൽക്കാലികമായി കൗമാരകലോത്സവത്തിന്റെ പ്രധാന വേദി നിർമിച്ചിരിക്കുന്നത്. പഴയവേദിയുടെ മുന്നിലുള്ള പടവുകൾ ഇപ്പോൾ കലാപ്രേമികളുടെ വിശ്രമകേന്ദ്രമായി മാറി. അഞ്ചുവർഷത്തിനുശേഷം ജില്ലാ കലോത്സവം വീണ്ടും അഞ്ചലിലെത്തുമ്പോഴേക്കും ഒരുപക്ഷേ ഈ സ്റ്റേജ് പൊളിച്ചുമാറ്റപ്പെട്ടേക്കാം.