ആലുവ മംഗലപ്പുഴ, കാര്‍മല്‍ഗിരി പൊന്തിഫിക്കൽ സെമിനാരികളിലെ ദൈവശാസ്ത്ര, തത്വശാസ്ത്ര പഠനകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട് ആലുവ (പിഐഎ), വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള റോമിലെ തിരുസംഘം സ്വതന്ത്ര പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തിയതിന്റെ സുവര്‍ണജൂബിലി (1972-2022) നിറവിലാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന വൈദിക പരിശീലന കേന്ദ്രമായ സെമിനാരിയില്‍നിന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കം. വിദേശ കര്‍മലീത്ത മിഷനറിമാരുടെ ശ്രമഫലമായി 1682ൽ വരാപ്പുഴയിലാണ് ഈ സെമിനാരിയുടെ ആദ്യകാല പ്രവര്‍ത്തനമാരംഭിച്ചത്. പ്രസ്തുത സെമിനാരി 1866ൽ പുത്തന്‍പള്ളിയിലും 1932ൽ മംഗലപ്പുഴയിലും മാറ്റി സ്ഥാപിച്ചു. 1955ൽ കാര്‍മല്‍ഗിരിയിൽ ഒരു സെമിനാരികൂടി നിര്‍മിച്ചു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ആറായിരത്തോളംപേർ ദൈവശാസ്ത്ര, തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
റോമിലെ കത്തോലിക്കാ വിദ്യാഭ്യാസ തിരുസംഘം 1972 ഫെബ്രുവരി 24ന് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര ഫാക്കല്‍റ്റി സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം ‘പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫി, ആല്‍വേ’ എന്ന പേരിൽ 1973 ഫെബ്രുവരി 15ന് അന്നത്തെ ഇന്ത്യയിലെ അപ്പോസ്തോലിക് പ്രോ-നുണ്‍ഷ്യോ ആയിരുന്ന ബിഷപ് ജോൺ ഗോര്‍ഡൻ നിര്‍വഹിച്ചു. 1992ൽ ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നല്‍കാനും 1974 ഒക്ടോബർ ഒന്നിന് തത്വശാസ്ത്രത്തിൽ ബിരുദം നല്‍കാനും പൂര്‍ണാധികാരമുള്ള ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റ് ആയി ഇന്‍സ്റ്റിറ്റ്യൂട്ടിനെ റോമിലെ തിരുസംഘം ഉയര്‍ത്തി.
2013 മുതൽ സന്യസ്തര്‍ക്ക് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യൽ ദൈവശാസ്ത്ര ഡിപ്ലോമ നല്കുന്ന വിവിധ സ്റ്റഡി സെന്ററുകള്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് തുടക്കംകുറിച്ചു. 2016 മുതൽ അല്മായര്ക്കും സന്യസ്തര്‍ക്കും ദൈവശാസ്ത്ര സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തിവരുന്നു. ഇവിടെനിന്നും പ്രസിദ്ധീകരിക്കുന്ന നാലു മാസികകളാണ് മതവും ചിന്തയും, Living Word, പ്രേഷിത കേരളം, PIA Journal of Philosophy and Religion എന്നിവ. പിഐഎ ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ ഭാഷാപഠനത്തിന് സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നു. സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകള്‍ക്ക് സ്വന്തമായ വിദ്യാഭ്യാസ സ്ഥാപനമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഈ റീത്തുകളില്പ്പട്ടവരെ കൂടാതെ ഇതര സഭകളില്‍പ്പെട്ട വിദ്യാര്‍ഥികളും പഠിക്കുന്നു. കെസിബിസിയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളസഭയ്ക്കുംആഗോളസഭയ്ക്കും അഭിമാനമായി നിലനില്ക്കുന്നു. കേരളത്തിലെ നിരവധി മെത്രാന്മാരെയും അനേകം വൈദികരെയും മിഷനറിമാരെയും ധന്യരായ ഔറേലിയസച്ചനെയും സക്കറിയാസച്ചനെയും ദൈവദാസ പദവിയിലെത്തിയ പുണ്യസ്മരണാര്ഹരായ വിദ്യാര്‍ഥികളെയും സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞുവെന്നത് ദൈവിക ഇടപെടലാണ്.
ലാറ്ററൻ യൂണിവേഴ്സിറ്റിയുമായുള്ള സംയോജനം
ഒരു തിയോളജി ഫാക്കല്‍ട്ടി ആലുവയിൽ ഉണ്ടാകണമെന്ന ആഗ്രഹത്തിന്റെ ആദ്യപടിയായി, നിലവിലിരുന്ന റോമിലെ ലാറ്ററൻ യുണിവേഴ്സിറ്റിയുമായി തിയോളജി വിഭാഗം സംയോജിപ്പിച്ചു. 1959ല്‍ പരിശുദ്ധ പിതാവിന് അപേക്ഷ സമർപ്പിച്ചു. വിശദമായ പഠനങ്ങള്‍ക്കുശേഷം ലാറ്ററൻ യൂണിവേഴ്സിറ്റിയുമായി ആലുവയിലെ തിയോളജി വിഭാഗത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്, 1959 ഒക്ടോബർ ഏഴിനു പുറപ്പെടുവിച്ചു.1964 ഒക്ടോബർ ഏഴിന് റെക്ടറായിരുന്ന ഫാ. മൈക്കിൾ ഏയ്ഞ്ചൽ ഒസിഡി തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് ഡിഗ്രി നല്‍കാനുള്ള അധികാരത്തിനായി ലാറ്ററൻ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചു. 1972-73 അക്കാദമിക് വര്‍ഷത്തോടെ തിയോളജി ഫാക്കല്‍ട്ടിയുടെ പ്രവര്‍ത്തനം സജീവമായി ആരംഭിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗികവും ആഘോഷപൂര്വകവുമായ ഉദ്ഘാടനം നടന്നത് 1973 ഫെബ്രുവരി 12നായിരുന്നു. അന്നത്തെ സിബിസിഐ പ്രസിഡന്റും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാന്‍സലറുമായിരുന്ന കര്‍ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യയിലെ അന്നത്തെ അസ്തോലിക് പ്രൊ-നുണ്‍ഷ്യോ ആയിരുന്ന ബിഷപ് ജോൺ ഗോര്‍ഡൻ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.
അക്കാദമിക് അധികാരികൾ
പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയമാവലി അനുസരിച്ച് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി ജനറൽ എന്നിവർ യഥാക്രമം ചാന്‍സലർ, പ്രോചാന്‍സലർ, വൈസ് ചാന്‍സലർ എന്നീ പദവികൾ അലങ്കരിക്കുന്നവരാണ്. ഇതനുസരിച്ച് 1972ൽ കര്‍ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ, ആര്‍ച്ച്ബിഷപ് മാർ ജോസഫ് കേളന്തറ, ബിഷപ് സഖറിയാസ് മാർ അത്തനാസിയോസ് എന്നിവർ ഉള്‍പ്പെട്ടതായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന അധികാരകേന്ദ്രം.
പുനഃക്രമീകരണം
1996 ൽ കെസിബിസി ആലുവ സെമിനാരിയെ റീത്തുകളുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കണമെന്ന് പരിശുദ്ധ പിതാവിനോട് ആവശ്യപ്പെടുകയും പിതാവ് അത് അംഗീകരിക്കുകയും ചെയ്തു. അതിന്റെ ഫലമായി 1997-98 അക്കാദമിക് വര്‍ഷം മുതൽ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി മംഗലപ്പുഴ സീറോ മലബാർ സഭയുടെ മേജർ സെമിനാരിയായും സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി കാര്‍മല്‍ഗിരി ലാറ്റിൻസഭയുടെ മേജർ സെമിനാരിയായും പ്രവര്‍ത്തനമാരംഭിച്ചു. എന്നാൽ ആലുവ പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫി ഒറ്റ ഘടകമായി നിലനില്ക്കുകയും രണ്ടു സെമിനാരികളുടെയും കാമ്പസുകളിൽ പ്രവര്‍ത്തിക്കുകയും ചെയ്തു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്
ഫ്രാന്‍സിസ് മാര്‍പാപ്പ 2017 ഡിസംബർ എട്ടിനു പുറത്തിറക്കിയ അപ്പോസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷനിൽ ആവശ്യപ്പെട്ട മാറ്റങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ നിയമാവലി തയാറാക്കുകയും 2021 ജനുവരി 13ന് കത്തോലിക്കാ വിദ്യാഭ്യാസ തിരുസംഘത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. കാലങ്ങളായി ഇന്സ്റ്റിറ്റ്യൂട്ടിനുണ്ടായിരുന്ന സ്വപ്നമായിരുന്നു സ്വന്തം സ്ഥലത്ത് ഒരു അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് നിര്‍മിക്കുക എന്നത്. കെസിബിസി യുടെ കൂടെ സാമ്പത്തിക സഹായത്തോടെ 2021 മാര്‍ച്ച് 17ന് കര്‍ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി സെന്‍ട്രൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസ്, വെഞ്ചരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചതോടെ ഈ സ്വപ്നം യാഥാര്‍ഥ്യമായി. നിലവിൽ പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത് മംഗലപ്പുഴ, കാര്‍മല്‍ഗിരി സെമിനാരികളുടെ കാമ്പസുകളിലാണ്.
പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട് ആലുവ (പിഐഎ) ഫിലോസഫി ഡിപ്പാർട്ട്മെന്റിൽ് ഡിപ്ലോമയും ബിരുദവും നല്‍കുന്നുണ്ട്. തിയോളജി ഫാക്കല്‍ട്ടിയുടെ ഭാഗമായി ഡിപ്ലോമ, ബിരുദം, മാസ്റ്റർ ബിരുദം, ഡോക്ടറേറ്റ് എന്നീ സര്‍ട്ടിഫിക്കറ്റുകളും നല്കുന്നു. 2020 മുതൽ തിയോളജി ബിരുദപഠനം പൂര്‍ത്തിയാക്കിയ വൈദികവിദ്യാര്‍ഥികള്‍ക്ക് പാസ്റ്ററൽ കോഴ്സിൽ ബിരുദാനന്തര ഡിപ്ലോമയും നല്കിവരുന്നു.
പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിന് ബല്‍ജിയത്തിലെ ലൂവെയിൻ കാത്തലിക് യുണിവേഴ്സിറ്റിയുമായി 2015 ഒക്ടോബർ ഒന്നുമുതൽ അക്കാദമിക ബന്ധം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിലവിൽ നാല് സന്യസ്തപഠനകേന്ദ്രങ്ങളും തിയോളജിക്കൽ സ്റ്റഡി സെന്ററുകളും പിഐഎ യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഫിലോസഫി, തിയോളജി ഡിഗ്രി, ലൈസന്‍ഷ്യേറ്റ്, ഡോക്ടറേറ്റ് എന്നിവയിലായി ആകെ 629 വിദ്യാര്‍ഥികൾ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു. പിഐഎയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എഫ്സിസി, എസ്എബിഎസ്, സിഎച്ച്എഫ് എന്നീ മൂന്നു വ്യത്യസ്ത തിയോളജി സെന്ററുകളിലായി എണ്‍പതോളം വിദ്യാര്‍ഥികൾ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സും പഠിക്കുന്നുണ്ട്. കൂടാതെ അഞ്ഞൂറോളം അല്മായ സന്യസ്ത വിദ്യാര്‍ഥികൾ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാമ്പസുകളിലും 10 ഓഫ് കാമ്പസ് രൂപതാ സെന്ററുകളിലും നടത്തുന്ന രണ്ടുവര്‍ഷത്തെ ഡിപ്ലോമ വിദൂര തിയോളജി പഠനത്തിന്റെ ഭാഗമായി പഠിക്കുന്നുണ്ട്.
സുവര്‍ണജൂബിലി വര്‍ഷം
സുവര്‍ണജൂബിലി ഉദ്ഘാടനം 2022 ജൂലൈ 11 ന് മംഗലപ്പുഴ കാമ്പസിൽ നടന്നു. ജൂബിലി വര്‍ഷത്തിന്റെ സമാപനം 2023 ജനുവരി 17ന് കാര്‍മല്‍ഗിരി കാമ്പസിൽ നടക്കും. പിജി ബ്ലോക്കിന്റെ നിര്‍മാണം, ജൂബിലി സ്മരണിക, കുടുംബശുശ്രൂഷയെക്കുറിച്ചും 73 ബൈബിൾ പുസ്തകങ്ങളെപ്പറ്റിയുമുള്ള പുതിയ വിദൂര പഠനകോഴ്സുകൾ മുതലായവ ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. പുതിയ പിജി ബ്ലോക്കിന്റെ തറക്കല്ലിടൽ കര്‍മം 2022 ജൂൺ 25ന് ബിഷപുമാരായ ഡോ. ജോസഫ് കരിയിൽ, ജോസഫ് മാർ തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ കര്‍ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.
ആഗോള കത്തോലിക്കാ സഭയിലെ നാളെയുടെ വിശുദ്ധരായ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായ നേതാക്കള്‍ക്കും പരിശീലനവും രൂപീകരണവും നടത്തുക എന്ന സ്തുത്യര്‍ഹമായ മിഷൻ പ്രവര്‍ത്തനമാണ് പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
റവ.ഡോ. സുജൻ അമൃതം (പ്രസിഡന്റ്, പിഐഎ)
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
01:02 AM Jan 16, 2023 | Deepika.com