അമേരിക്കയിലെ സ്കൂളുകളിലും പൊതു ഇടങ്ങളിലും ആശുപത്രികളിലുംവരെ വെടിവയ്പുകളും മരണങ്ങളും ഇന്നു വാർത്തയേ അല്ലാതായിക്കൊണ്ടിരിക്കുന്നു. ബുധനാഴ്ച ഒക്ലഹോമയിലെ ടൂൾ സിറ്റിയിലെ ആശുപത്രിയിലായുണ്ടായ വെടിവയ്പിൽ നാലുപേരാണു മരിച്ചതെങ്കിൽ ഒരാഴ്ച മുമ്പ് ടെക്സസിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 19 കുട്ടികളടക്കം 21 പേരാണു കൊല്ലപ്പെട്ടത്. നമ്മൾ ചായ കുടിക്കുന്ന ലാഘവത്തോടെയാണ് അവിടെ തോക്കിന്റെ ദുരുപയോഗം എന്നു പറഞ്ഞാലും തെറ്റില്ല. ഇതിനു കാരണമാകട്ടെ അമേരിക്കൻ ഭരണഘടനയുടെ രണ്ടാം ഭേദഗതിയും.
ആയുധം കൈവശം വയ്ക്കാനും സ്വയം പ്രതിരോധിക്കാനുമുള്ള മൗലികാവകാശം പൗരന്മാർക്കു നൽകുന്നതാണ് 1791ൽ പാസാക്കിയ ഈ ഭേദഗതി. എന്നാൽ തോക്കു നിർബാധം മേടിക്കാനും കൈവശം വയ്ക്കാനും നൽകുന്ന ഈ ഭേദഗതി പല കാരണങ്ങൾക്കൊണ്ടും കാലഹരണപ്പെട്ടെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോഴും തോക്കു കൈവശം വയ്ക്കാനുള്ള അവകാശത്തിനായി നിലകൊള്ളുന്നു! കാരണം മറ്റൊന്നുമല്ല; ഇരു പാർട്ടികളുടെയും ഫണ്ടിൽ വലിയൊരു ഭാഗം വരുന്നത് തോക്ക് ഉടമകളുടെയും ആയുധ കമ്പനികളുടെയും സമ്മർദ ഗ്രൂപ്പായ നാഷണൽ റൈഫിൾസ് അസോസിയേഷനിൽ നിന്നാണ്. അതുകൊണ്ടുതന്നെ ബൈഡന്റെ ഡെമോക്രാറ്റുകളും ട്രംപിന്റെ റിപ്പബ്ലിക്കനുകളും തോക്ക് വിഷയത്തിൽ ഒറ്റക്കെട്ടാണ്. സമൂഹത്തിൽ തിന്മ നിലനിൽക്കുന്ന കാലത്തോളം ജനങ്ങൾക്ക് ആയുധമെടുക്കേണ്ടിവരുമെന്നാണ് നാഷനൽ റൈഫിൾസ് അസോസിയേഷൻ സംഘടിപ്പിച്ച ഒരു ചടങ്ങിൽ ട്രംപ് പറഞ്ഞത് .
കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇരുനൂറിലധികം വെടിവയ്പു സംഭവങ്ങളാണ് അമേരിക്കയിലുണ്ടായത്. സ്കൂളുകളിലും കോളജുകളിലും റസ്റ്ററന്റുകളിലും ആരാധനാലയങ്ങളിലും ആശുപത്രികളിലുമെല്ലാം വെടിവയ്പുണ്ടായി. ഈ വർഷം കലാലയങ്ങളിൽ മാത്രം 27 വെടിവയ്പുകളുണ്ടായി. കഴിഞ്ഞവർഷം അമേരിക്കയിൽ അരലക്ഷം പേരാണ് തോക്കിനിരയായത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ 15 ലക്ഷം പേർ തോക്കിനിരയായി എന്നാണു കണക്കുകൾ പറയുന്നത്. വംശീയതയും മയക്കുമരുന്നുമാണ് ഇത്തരം കൂട്ടക്കൊലകൾക്കു പ്രധാന കാരണങ്ങൾ.
അമേരിക്കയിൽ നൂറുപേർക്ക് നൂറ്റിയിരുപത് തോക്ക് എന്നതാണു കണക്ക്. 2018ലെ കണക്കുപ്രകാരം 33 കോടി ജനങ്ങൾക്ക് 40 കോടി തോക്കുകൾ. ഒരു പതിറ്റാണ്ടിലേറെയായി റൈഫിളുകളെക്കാൾ ആളുകൾക്കിഷ്ടം യന്ത്രവത്കൃത ഹാൻഡ്ഗണ്ണുകളാണ്. കോവിഡ് കാലത്ത് ജനം വീട്ടിലിരുന്നപ്പോഴും തോക്കുവിൽപ്പന റിക്കാർഡ് ഭേദിച്ചു. 2000ത്തിൽ 39 ലക്ഷം തോക്ക് വിൽപ്പന നടന്നിടത്ത് 2020ലെത്തിയപ്പോൾ അത്1.13 കോടിയായി. അതേ വേഗത്തിലാണ് തോക്കുകൾ വരുത്തുന്ന മരണത്തിൽ വർധനയുമുണ്ടാകുന്നത്. 2020ൽ സ്വയം വെടിയുതിർത്തോ അശ്രദ്ധമായി വെടി പൊട്ടിയോ കൊല്ലപ്പെട്ടത് 1,500ലേറെ പേരാണ്. 2020ല്‍ നടന്ന കൊലപാതകങ്ങളില്‍ 79 ശതമാനവും ആത്മഹത്യകളില്‍ 53 ശതമാനവും വെടിവയ്പിനെത്തുടര്ന്നായിരുന്നു.
തോക്കു വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന പോലും നടത്താൻ നിയമങ്ങളില്ല. കഴിഞ്ഞ സ്കൂൾ വെടിവയ്പ് റിപ്പോർട്ട് ചെയ്ത ടെക്സസിൽ മാത്രം 10 ലക്ഷത്തിലേറെ പേരുടെ കൈവശം തോക്കുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവിടെ കൈയിൽ തോക്കുമായി നടക്കാൻ ലൈസൻസ് വേണമെന്ന നിയമം 2021ൽ എടുത്തുകളഞ്ഞിരുന്നു. 21 വയസ് തികയണമെന്നതു മാത്രമാണ് നിബന്ധന. അതേസമയം, അമേരിക്കൻ ജനതയിൽ 53 ശതമാനവും തോക്ക് കൈവശം വയ്ക്കുന്നതിൽ ശക്തമായ നിയന്ത്രണത്തിനു നിയമം വേണമെന്നു വാദിക്കുന്നവരാണ്.
യുഎസിലെ ആയുധലോബിക്കെതിരേ നിലകൊള്ളണമെന്ന് ജനങ്ങളോട് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആത്മാർഥതയിൽ സംശയങ്ങളുണ്ട്. ടെക്സസിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ വൈകാരികമായായിരുന്നു ബൈഡന്റെ പ്രതികരണം. ഇനിയൊരിക്കലും ആ മാതാപിതാക്കൾക്കു മക്കളെ കാണാനാകില്ല, ഒരുമിച്ച് കളിക്കാനാകില്ല. അവർക്കുവേണ്ടി രാജ്യം മുഴുവൻ ഒന്നിച്ചുനിൽക്കേണ്ട സമയമാണ് എന്നൊക്കെ പറഞ്ഞെങ്കിലും തോക്ക് സൂപ്പർമാർക്കറ്റുകളിൽ നിന്ന് യഥേഷ്ടം മേടിക്കാൻ പറ്റുന്ന സാഹചര്യം ഒഴിവാക്കാൻ ബൈഡൻ വിചാരിച്ചാലും നടക്കില്ല.
തോക്കുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഫലപ്രദമായ നിയമങ്ങൾ പാസാക്കാൻ കോൺഗ്രസ് അംഗങ്ങളിൽ സമ്മർദം ചെലുത്തണം എന്നു പറഞ്ഞ് ഒഴിയുകയാണ് ബൈഡൻ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് തോക്കുലോബിക്കെതിരേ പ്രതികരിക്കുകയെന്നും ബൈഡൻ ചോദിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ തോക്ക് വില്‍പ്പന നിയന്ത്രിക്കുന്ന ബിൽ പാസാക്കുന്നതിനു മതിയായ അംഗബലം ബൈഡന്റെ പാർട്ടിക്ക് അമേരിക്കൻ കോൺഗ്രസിൽ ഇല്ല. അനിയന്ത്രിതമായ തോക്ക് ഉപയോഗം അമേരിക്കയിലാകെ ഭീതിയും അരക്ഷിതബോധവും സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. വീണ്ടും വീണ്ടുമുള്ള വെടിവയ്പില്‍ നടുങ്ങി തരിച്ചിരിക്കുകയാണ് അമേരിക്കൻ ജനത.
സമീപകാല കൂട്ടക്കുരുതികൾ
(തീയതി, സ്ഥലം, മരിച്ചവരുടെ എണ്ണം എന്ന ക്രമത്തിൽ)
2022 ജൂൺ 01: ഒക്ലഹോമ 4
2022 മേയ് 23: ടെക്സസ് 21
2022 ഏപ്രിൽ 13: കലിഫോർണിയ 8
2021 ഡിസംബർ 30: മിഷിഗൻ ഓക്സ്ഫഡ് സ്കൂൾ 3
2021 മേയ് 26: കലിഫോർണിയ സാൻബോസ് ട്രാൻസ്പോർട്ട്
അതോറിറ്റി കൺട്രോൾ സെന്റർ 9
2021 മെയ് 9: കോളറാഡോയിൽ പിറന്നാൾ ആഘോഷത്തിനിടെ 6
2021 ഏപ്രിൽ 15: ഇന്ത്യാന 9
2021 മാർച്ച് 22: കോളറാഡോ, ബോർഡർ സൂപ്പർമാർക്കറ്റ് 10
2019 ഓഗസ്റ്റ് 3: ടെക്സസ്, എൽപാസോ വാൾമാർട്ട്
സൂപ്പർ മാർക്കറ്റ് 23
2019 മാർച്ച് 17: വിർജീനിയ ബീച്ച് 13
2018 ഫെബ്രുവരി 14: ഫ്ലോറിഡ പർക്കലൻഡ് ഡംഗ്ലസ്
ഹൈസ്കൂൾ 17
2018 മേയ് 18: ടെക്സസ് സൻഡ്ഫീ ഹൈസ്കൂൾ 12
2017 നവംബർ 5: ടെക്സസ് സദർലൻഡ് സ്പ്രിംഗ് ചർച്ച് 27
2017 ഒക്ടോബർ 1: നെവാഡ ലാസ്വേഗസ് ഹോട്ടലിൽ
സംഗീതപരിപാടിയിൽ 61
2016 ജൂൺ12: ഫ്ലോറിഡ ഒർലാൻഡോ 50
ഡോ. സന്തോഷ് വേരനാനി
തോക്കിന് മുനയിൽ അമേരിക്ക
02:45 AM Jun 03, 2022 | Deepika.com