ഇന്ത്യക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചു ചേർത്ത മൂന്ന് വട്ടമേശ സമ്മേളനങ്ങളും പരാജയമായതോടെയാണ് കമ്യൂണൽ അവാർഡ് പ്രഖ്യാപനമുണ്ടാകുന്നത്. ഇന്ത്യയുടെ സുഹൃത്ത് എന്ന നിലയിൽ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മാനം നൽകുന്നതെന്നായിരുന്നു ബ്രിട്ടീഷ് പ്രധാന മന്ത്രി റാംസെ മക്ഡൊണാൾഡ് പറഞ്ഞത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ഫോർവേഡ് കാസ്റ്റ്, ഷെഡ്യൂൾഡ് കാസ്റ്റ്, മുസ്ലിംകൾ, ബുദ്ധമതക്കാർ, സിക്കുകാർ, ഇന്ത്യൻ ക്രിസ്ത്യാനികൾ, ആംഗ്ലോ ഇന്ത്യക്കാർ, യൂറോപ്യൻമാർ, ഡിപ്രസ്ഡ് ക്ലാസുകൾ (ഇപ്പോൾ പട്ടികജാതിക്കാർ) എന്നീ വിഭാഗക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു ഇത്.
താഴ്ന്ന വിഭാഗക്കാരെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിനെ ഗാന്ധിജി എതിർത്തു. എന്നാൽ അയിത്തജാതിക്കാരും ബി.ആർ. അംബേദ്ക്കറെ പോലുള്ള നേതാക്കളും കമ്യൂണൽ അവാർഡിനെ പിന്തുണച്ചു. കമ്യൂണൽ അവാർഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൂനെയിലെ യെർവാദാ ജയിലിൽ ഗാന്ധിജി 1932 സെപ്റ്റംബർ 20ന് നിരാഹാരസമരം ആരംഭിച്ചു. ഇത് ഹിന്ദു സമൂഹത്തെ ശിഥിലമാക്കുമെന്ന് ഗാന്ധി ഭയപ്പെട്ടു.
കമ്യൂണൽ അവാർഡ്
12:51 AM Nov 23, 2021 | Deepika.com