ഒന്നാം വട്ടമേശ സമ്മേളനം

11:48 PM Nov 18, 2021 | Deepika.com
1930 ന​വം​ബ​ർ 12 നാ​ണ് ഒ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്കം. ല​ണ്ട​നി​ലെ ഹൗ​സ് ഓ​ഫ് ലോ​ർ​ഡ്സ് എ​ന്ന റോ​യ​ൽ ഗാ​ല​റി​യി​ലാ​യി​രു​ന്നു സ​മ്മേ​ള​നം. ജോ​ർ​ജ് അ​ഞ്ചാ​മ​ൻ രാ​ജാ​വാണ് ഒ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ് പ്ര​ധാ​നമ​ന്ത്രി റാം​സേ മ​ക്ഡൊ​ണാ​ൾ​ഡ് ആ​യി​രു​ന്നു അ​ധ്യ​ക്ഷ​ൻ. ബ്രി​ട്ടീ​ഷ് പ്ര​തി​നി​ധി​ക​ളാ​യി 16 പേ​രും ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽനി​ന്ന് 58 രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും ഇ​ന്ത്യ​യി​ലെ നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് 16 പ്ര​തി​നി​ധി​ക​ളും ഒ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ഗാ​ഖാ​ൻ, മു​ഹ​മ്മ​ദ​ലി ജി​ന്ന, മൗ​ലാ​ന മു​ഹ​മ്മ​ദ​ലി, തേ​ജ് ബ​ഹാ​ദൂ​ർ സ​പ്രൂ, ബി.​ആ​ർ. അം​ബേ​ദ്ക​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ​ങ്കെ​ടു​ത്ത​വ​രി​ൽ പ്ര​മു​ഖ​ർ. മു​സ്‌​ലിം ലീ​ഗി​ന്‍റെ​യും ഡി​പ്ര​സ്ഡ് ക്ലാ​സി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. നി​സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം പ്ര​ക്ഷു​ബ്ധമായി​രു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ഈ ​സ​മ്മേ​ള​ന​ത്തെ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളെ​ല്ലാം ബ​ഹി​ഷ്ക​രി​ച്ചു.
ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സും സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ക്കു​ക​യാ​ണു ചെ​യ്ത​ത്. യോ​ഗ​ത്തി​ൽ ഓ​ൾ ഇ​ന്ത്യാ ഫെ​ഡ​റേ​ഷ​ൻ എ​ന്ന ആ​ശ​യം ച​ർ​ച്ച​യ്ക്കുവ​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ഗ്രൂ​പ്പു​ക​ളും ഈ ​ആ​ശ​യ​ത്തെ അ​നു​കൂ​ലി​ച്ചു. രാ​ജ​ഭ​ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്കും സ്വ​യംഭ​ര​ണം ന​ൽ​കു​മെ​ന്നാ​യ​തോ​ടെ അ​വ​രും ഈ ​ആ​ശ​യ​ത്തെ അം​ഗീ​ക​രി​ച്ചു. മു​സ്‌​ലിം ലീ​ഗും പു​തി​യ ഫെ​ഡ​റേ​ഷ​നെ അം​ഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ പ്ര​വി​ശ്യാത​ല​ത്തി​ൽ പ്രാ​തി​നി​ധ്യ സ​ർ​ക്കാ​ർരീ​തി ആ​ദ്യം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ബ്രി​ട്ടീ​ഷു​കാ​രു​ടെ ആ​വ​ശ്യം.