നിസഹകരണ പ്രസ്ഥാനത്തിനുശേഷം ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരേ നടന്ന രണ്ടാമത്തെ വലിയ പ്രക്ഷോഭമായിരുന്നു നിയമലംഘന പ്രസ്ഥാനം. 1930 ഫെബ്രുവരിയിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി സബർമതിയിൽ സമ്മേളിച്ച് സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ ഗാന്ധിജിയെ അധികാരപ്പെടുത്തി.
നിയമലംഘനം, നികുതി നിഷേധം, മദ്യഷാപ്പുകൾ പിക്കറ്റു ചെയ്യൽ, ഹർത്താലുകൾ, സമരങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന പ്രക്ഷോഭ മാർഗങ്ങൾ. കർഷകർ ബ്രിട്ടീഷുകാരുടെ വനനിയമങ്ങൾ ലംഘിച്ചു. ഭൂനികുതിയും പാട്ടവും നൽകാൻ അവർ തയാറായില്ല. നഗരങ്ങളിൽ തൊഴിലാളികൾ പണിമുടക്കി. നിയമലംഘനത്തെ അടിച്ചമർത്താനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. കോണ്‍ഗ്രസിനെ നിരോധിച്ചും നെഹ്റു, ഗാന്ധിജിയുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തും അവർ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചു.
1931 മാർച്ചിൽ ഗാന്ധി-ഇർവിൻ കരാറിനെ തുടർന്ന് സിവിൽ നിയമലംഘന പ്രസ്ഥാനം താൽക്കാലികമായി നിർത്തിവച്ചു. രണ്ടാം വട്ടമേശ സമ്മേളനം പരാജയപ്പെട്ടതിനെത്തുടർന്നു ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനം വീണ്ടും ആരംഭിച്ചു. അന്നത്തെ വൈസ്രോയിയായിയിരുന്ന വെല്ലിംഗ്ടണ്‍ പ്രഭു അതിനെ അടിച്ചമർത്താൻ ഗാന്ധിജിയെ അറസ്റ്റു ചെയ്യുകയും കോണ്‍ഗ്രസിനെ നിരോധിക്കുകയും ചെയ്തു. പ്രക്ഷോഭം തുടർന്നുകൊണ്ടു പോകാൻ കോണ്‍ഗ്രസിനു ബുദ്ധിമുട്ടായി. 1934 ഏപ്രിലിൽ സിവിൽ നിയമലംഘന പ്രസ്ഥാനം പൂർണമായും പിൻവലിച്ചു.
സിവിൽ നിയമലംഘന പ്രസ്ഥാനം
01:38 AM Nov 15, 2021 | Deepika.com