1889 ഓഗസ്റ്റ് 24 നാണ് കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്റെ ജനനം. കൊയപ്പള്ളി കേളപ്പൻ നായർ എന്നായിരുന്നു മുഴുവൻ പേര്. കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത് മൂടാടിയായിരുന്നു സ്വദേശം.
ബിരുദധാരിയായിരുന്ന അദ്ദേഹം ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജിൽ അധ്യാപകനായിരുന്ന കാലത്താണ് മന്നത്ത് പത്മനാഭനെ പരിചയപ്പെടുന്നതും നായർ സമുദായ ഭൃത്യജനസംഘത്തിന്റെ, പിൽക്കാലത്ത് നായർ സർവീസ് സൊസൈറ്റി എന്നറിയപ്പെട്ട എൻഎസ്എസിന്റെ, സ്ഥാപക പ്രസിഡന്റാകുന്നതും.
ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ തന്റെ ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കായി ഇറങ്ങി. അതിനൊപ്പം സമൂഹത്തിലെ അനാചാരങ്ങൾക്കെതിരേയും അദ്ദേഹം പോരാടി. 1924 ൽ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലായി. 1929 ൽ മാതൃഭൂമിയുടെ പത്രാധിപരായി. 1930ൽ കോഴിക്കോടുനിന്നു പയ്യന്നൂരിലേക്ക് ഉപ്പു സത്യഗ്രഹജാഥ നയിച്ചു. 1931-32 കാലത്ത് ഗുരുവായൂർ സത്യഗ്രഹത്തിനു നേതൃത്വം കൊടുത്തതും കെ. കേളപ്പനായിരുന്നു.
ഹരിജനങ്ങളുടെ ഉന്നമനത്തിനായി പ്രയത്നിച്ച അദ്ദേഹം കേരളത്തിൽ ഹരിജന ഹോസ്റ്റലുകളും വിദ്യാലയങ്ങളും ആരംഭിച്ചു. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രചരണാർഥം ഖാദി, കുടിൽ വ്യവസായങ്ങൾ കേരളത്തിൽ വേരുറപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. 1951ൽ കോണ്‍ഗ്രസിൽനിന്നു രാജിവച്ച അദ്ദേഹം കിസാൻ മസ്ദൂർ പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി. സ്വാതന്ത്ര്യം കിട്ടിയതോടെ രാഷ്ട്രീയം ഉപേക്ഷിച്ച് സർവോദയ പ്രസ്ഥാനത്തിൽ ചേർന്നു. 1971 ഒക്ടോബർ ഏഴിന് അന്തരിച്ചു.
കെ. കേളപ്പൻ
01:26 AM Oct 23, 2021 | Deepika.com