ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിലെ പത്രങ്ങളോടു കാലാകാലങ്ങളിൽ വ്യത്യസ്തമായ സമീപനമായിരുന്നു. 1910 ഫെബ്രുവരി ഒന്പതിന് പ്രഖ്യാപിച്ച ഇന്ത്യൻ പ്രസ് ആക്റ്റ് എല്ലാ തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾക്കും കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തി. ലോർഡ് മിന്റോ രണ്ടാമനായിരുന്നു ഇത് നടപ്പിലാക്കിയത്.
തീവ്രമായ ഇന്ത്യൻ ദേശീയത പ്രചരിപ്പിക്കുന്നതിൽ ഇന്ത്യൻ പ്രാദേശിക ഭാഷയിലെയും ഇംഗ്ലീഷ് ഭാഷയിലെയും പത്രങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതിനായാണ് ഈ നടപടി പ്രാബല്യത്തിൽ വരുത്തിയത്. പടിഞ്ഞാറൻ ഇന്ത്യയിലെ കേസരി, ബംഗാളിലെ ജുഗന്തർ, ബന്ദേമാതരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെയും വിദേശ രാജ്യങ്ങളിൽനിന്നു വരുന്ന സമാന ആശയമുള്ള ജേർണലുകളുടെയും വർധിച്ചുവരുന്ന സ്വാധീനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് നടപ്പിലാക്കിയത്.
നിയമത്തിന്റെ 12 (1) വകുപ്പ് പ്രകാരം പ്രാദേശിക ഭരണകൂടങ്ങൾക്ക് രാജ്യദ്രോഹപരമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഏതെങ്കിലും പത്രം അല്ലെങ്കിൽ പുസ്തകത്തിനെതിരേ വാറന്റ് പുറപ്പെടുവിക്കാൻ അധികാരം നൽകി.
ഇന്ത്യൻ പ്രസ് ആക്റ്റ്-1910ലെ വ്യവസ്ഥപ്രകാരം ധാരാളം ദേശീയവാദ പത്രങ്ങളും രാഷ്ട്രീയ സാഹിത്യങ്ങളും നിരോധിക്കപ്പെട്ടു.കൊലപാതകത്തിനോ അരാജകത്വത്തിനോ ആഹ്വാനം ചെയ്യുക, സൈന്യത്തിന്റെയോ നാവികസേനയുടെയോ വിശ്വസ്തത തകർക്കുന്ന തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുക, വംശീയവും വർഗപരവും മതപരവുമായ വിദ്വേഷ പ്രചാരണം നടത്തുക, ബ്രിട്ടീഷ് ഗവണ്മെന്റിനെയോ നാട്ടുരാജാവിനെയോ അപകീർത്തിപ്പെടുത്തുക എന്നിവ ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾക്കെതിരേയായിരുന്നു ഈ നിയമപ്രകാരം നടപടി. ഈ നിയമം ലോർഡ് റീഡിംഗ് റദ്ദാക്കി.
1910ലെ ഇന്ത്യൻ പ്രസ് ആക്റ്റ്
11:41 PM Sep 13, 2021 | Deepika.com