കോവിഡ് വൈറസിന്റെ ശക്തമായ വ്യാപനത്തിനിടയിലാണ് ഇന്ന് ഈ വര്‍ഷത്തെ ലോക പുകയിലവിരുദ്ധദിനം നാം ആചരിക്കുന്നത്. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ് എന്നതുകൊണ്ടുതന്നെ ഈ ദിവസത്തിന് പ്രസക്തിയേറെയാണ്.
പുകവലി കാരണം പ്രതിവര്‍ഷം 80 ലക്ഷത്തോളം ആളുകളാണ് ശ്വാസകോശ രോഗങ്ങളാല്‍ മരിക്കുന്നത്. പുകവലി ശ്വാസകോശത്തില്‍ കേടുപാടുകള്‍ വരുത്തുകയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. അത് കൊറോണ വൈറസ് പോലുള്ള രോഗാണുക്കള്‍ ശരീരത്തില്‍ എളുപ്പത്തിൽ പ്രവേശിക്കുന്നതിന് കാരണമാകുന്നു.
പുകവലി ശ്വാസകോശത്തിനും ശ്വാസകോശത്തിലെ കോശങ്ങള്‍ക്കും നാശമുണ്ടാക്കും. ഇതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലെ രക്തക്കുഴലുകളിലെ വായുവിന്റെ അളവ് കുറയുകയും ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്തുന്ന ഓക്സിജന്റെ അളവില്‍ വലിയ കുറവുണ്ടാക്കുകയും ചെയ്യും. ഈ അവസ്ഥ എത്ര ഭയാനകമാണെന്ന് പറയേണ്ടതില്ലല്ലോ.
സ്പോൺസേഡ് പഠനങ്ങൾ
സമീപകാലത്ത് നടന്ന പല പഠനങ്ങൾ പുകവലിക്കുന്നയാളുകളില്‍ കോവിഡ് വരുന്നതിന് സാധ്യത കുറവാണെന്ന മിഥ്യാധാരണ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ ആശങ്കയുളവാക്കുന്ന കാര്യം ഇത്തരം പഠനങ്ങള്‍ക്ക് എല്ലാം സാമ്പത്തിക സഹായവും നല്ക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ പുകയില നിർമാണ രാജ്യമായ ചൈനയിലെ പുകയില കമ്പനികളാണെന്നതാണ്. എന്നാല്‍ കോവിഡ്-19 ബാധിച്ചുള്ള മരണത്തെക്കാള്‍ കൂടുതലായി ആളുകള്‍ മരിക്കുന്നത് പുകവലിയെന്ന ദുഃശീലം കാരണമുണ്ടാകുന്ന ശ്വാസകോശരോഗങ്ങള്‍ വഴിയാണെന്നാണ് ശരിയായ കണക്കുകള്‍ പറയുന്നത്.
ശ്വാസകോശ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണം പുകയില ഉപയോഗമാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം13.5 ലക്ഷം ആളുകളാണ് പുകയില ഉപയോഗം കാരണം മരിക്കുന്നത്. 2016-2017 ലെ ഗ്ലോബല്‍ അഡൽട്ട് ടുബാക്കോ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ 15 വയസിനു മുകളില്‍ പ്രായമുള്ള 26.7 ലക്ഷം ആളുകളാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. അതായത്, ഇന്ത്യയിലെ 29 ശതമാനം മുതിര്‍ന്നയാളുകള്‍. ഗ്ലോബല്‍ അഡൽട്ട് ടുബാക്കോ ഡാറ്റ അനുസരിച്ച്, ഓരോ എട്ടു ചെറുപ്പക്കാരില്‍,15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ള ഒരാളെങ്കിലും പലതരം പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിരവധി രോഗങ്ങൾ
പുകവലിക്കുന്നവരില്‍ കടുത്ത ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വലിവോടെയുള്ള ശ്വസനം, ആസ്മ, സിഒപിഡി, ന്യൂമോണിയ, ശ്വാസകോശ അണുബാധകള്‍, ശ്വാസകോശ കാന്‍സര്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതില്‍ ഭൂരിഭാഗം ആളുകളും സിഒപിഡി കാരണം ബുദ്ധിമുട്ടുന്നവരാണ്. സിഒപിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസോഡറിനു പിന്നിലെ പ്രധാനകാരണം പുകവലിതന്നെ. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ രോഗാവസ്ഥയില്‍ ശ്വാസനനാളികള്ക്കും ശ്വാസകോശത്തിലെ കോശങ്ങള്‍ക്കും ക്രമേണ കേടുവരും.
പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പതിയെ കുറയ്ക്കുന്നു. കൂടാതെ സിഒപിഡി പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ പുകവലി തുടരുന്നത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ വഷളാക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും ഡോക്ടര്‍ നല്കിയ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നതും രോഗം നിയന്ത്രിക്കുകയും ശ്വാസകോശത്തെ കൂടുതല്‍ നാശത്തില്‍നിന്നു രക്ഷിക്കുകയും ചെയ്യും. എന്നാല്‍ കോവിഡിന്റെ വരവോടെ ലക്ഷക്കണക്കിനാളുകളാണ് പുകയില ഉപേക്ഷിച്ചത്. 2021 ലെ ലോക പുകയില വിരുദ്ധദിന സന്ദേശം പോലെ ‘പുകയില വര്ജിക്കാന് പ്രതിജ്ഞാ ബദ്ധരാകാം'. പുകവലി എന്ന ദുഃശീലത്തില്നിന്നു സ്വയം രക്ഷ നേടാനും നമുക്കു ചുറ്റുമുള്ളവരെയും പ്രത്യേകിച്ച് കുടുംബാംഗങ്ങളെയും സംരക്ഷിക്കുവാനും പ്രതിജ്ഞയെടുക്കാം.
ഡോ. എൻ. സുഹൈല്‍ (എംഡി, പിഎച്ച്ഡി)
(പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ ചെസ്റ്റ്, പൾമനറി വിഭാഗം മേധാവിയാണ് ലേഖകൻ)
പുകവലി നിശബ്ദ കൊലയാളി
12:18 AM May 31, 2021 | Deepika.com