സമൃദ്ധിയും സംസ്കാരവും സമൂഹത്തിലേക്ക്എത്തിക്കുവാൻ പാടുപെടുന്ന കർഷകരെയും അവരുടെ കൃഷിയെയും ചില പരിസ്ഥിതിവാദങ്ങൾ ഉന്മൂലനം ചെയുകയാണോയെന്നു സംശയിക്കുന്നു. നാട്ടിലെ മനുഷ്യർ ജീവിക്കുവാൻ പെടാപ്പാടുപെടുമ്പോൾ കാട്ടിലെ മൃഗങ്ങൾ എല്ലാം തച്ചുടയ്ക്കുവാൻ കാടിറങ്ങുന്നു. ഒരു മൃഗത്തെയും ജീവികളെയും നൊമ്പരപ്പെടുത്തരുതെന്ന പരിസ്ഥിതിസ്നേഹം കാപട്യമല്ലേ? മനുഷ്യർ വംശനാശ ഭീഷണിയിലല്ലെന്നതുകൊണ്ടാണോ ആക്രമണകാരികളായ മൃഗങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത്? മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലെങ്കിൽ പിന്നെന്തു പരിസ്ഥിതി? നാട്ടിൽ സ്വൈരവിഹാരത്തിനു മൃഗങ്ങളെ വിട്ടുകൊടുത്താൽ മനുഷ്യരുടെ ജീവൻതന്നെ അപകടത്തിലാകും.
മനുഷ്യർക്കുനേരെയുള്ള അതിക്രമത്തിന് നിയമത്തിന്റെ നൂലിഴകീറിപരിശോധനയും പോരാട്ടവുമാണ്, എന്നാൽ മൃഗങ്ങൾ മനുഷ്യരെ എത്ര ക്രൂരമായി ആക്രമിച്ചാലും പ്രതികരിക്കരുതത്രെ. എന്ത് വിരോധാഭാസം? മൃഗങ്ങളെ പോറ്റുന്നതിനാണോ നിയമ പരിരക്ഷ ലഭിക്കേണ്ടത്. നിയമപരിരക്ഷയുണ്ട് ക്രൂരജീവികൾക്കും പാമ്പുകൾക്കും. പട്ടിണികിടന്നു മരിക്കുന്ന കർഷകന്റെ രോദനത്തിനുപ്രസംഗത്തിന്റെ പരിരക്ഷ മാത്രം. നമുക്കിവിടെ സ്വൈര്യമായിജീവിക്കേണ്ടേ? കൃഷികളും തദ്വാരയുള്ള പുരോഗതിയും അനിവാര്യമല്ലേ? ആനയും കാട്ടുപന്നികളും നശിപ്പിക്കുന്ന കൃഷിയുടെ ഇൻഷ്വറൻസ് പരിരക്ഷ കർഷകർക്കാണെങ്കിലും ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നത് ആനയും ഇതര ജീവികളുമല്ലല്ലോ?
മൃഗങ്ങളിൽനിന്നു മനുഷ്യർക്ക് സുരക്ഷ ലഭിക്കണം. അതിനായി ഭരണകർത്താക്കൾ ഇച്ഛാശക്തി പുലർത്തണം . പരിസ്ഥിതി വാദികളും സാമൂഹ്യ പരിഷ്കർത്താക്കളും കൂടിയിരുന്നാലോചിക്കണം . വനം വകുപ്പെന്ന വകുപ്പും മനുഷ്യർക്കുവേണ്ടിയുള്ളതല്ലേ? വനം കാക്കുമ്പോഴും സ്വന്തം ജീവൻ അപകടത്തിലാകരുതല്ലോ? ജനസംഖ്യാ വർധനവിൽ ഏറെ ആശങ്കപ്പെടുന്ന ശാസ്ത്രവും ആരോഗ്യവകുപ്പും ഇതര ബുദ്ധിജീവികളും എന്തുകൊണ്ടാണ് കാട്ടുജീവികളുടെ അനിയന്ത്രിത വർധനവിൽ ആശങ്കപ്പെടാത്തത്? മൃഗങ്ങൾക്കുമേൽ ആസൂത്രണം ക്രമീകരിക്കാത്തതും?
കാട്ടിൽ സ്ഥലപരിമിതിയെന്നൊന്നില്ലേ? ഭക്ഷണദാരിദ്ര്യം ഇല്ലേ? കാട്ടിൽ ജീവിതം വഴിമുട്ടിയാൽ മൃഗങ്ങൾ കാടിറങ്ങില്ലേ? നമ്മുടെ വാസയിടവും അടുക്കളയും കൈയേറില്ലേ? നമ്മുടെ ജീവിതം അപകടത്തിലാവില്ലേ? വീട്ടിൽ കയറിയ പാമ്പിനെ അതിഥിയായി സ്വീകരിച്ചാൽ വിഷം മരുന്നാകുമോ? സ്നേഹപൂർവം പാമ്പിനെ പിടിച്ചു ചാക്കിലാക്കി ചെവിയിൽ എന്ത് പറഞ്ഞാണാവോ കാട്ടിൽക്കൊണ്ടുപോയി വിടുന്നത്? മടങ്ങി വരരുതെന്ന് പറഞ്ഞാൽ പാമ്പിന് മനസിലാകുമോ? ഉപദ്രവിക്കരുതെന്നു മൃദുവായി പറഞ്ഞാൽ കടുവയ്ക്കും ആനക്കും മനസിലാകുമോ? മനുഷ്യവാസമേഖലയെ മൃഗങ്ങൾ മൃഗീയമായി നേരിടുമ്പോൾ മനുഷ്യാവകാശ കമ്മീഷൻ എന്തുപറയുന്നു? ഇന്നത്തെ കാട്ടുനിയമങ്ങൾ തുടർന്നാൽ മനുഷ്യ ജീവൻ എന്നും അപകടത്തിലാണെന്ന് അധികാരികൾ തിരിച്ചറിയുമോ? ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടുവാൻ അധികാരികൾ മുന്നോട്ടുവരണം. മാനുഷികമായി ചിന്തിക്കാൻ മനുഷ്യർക്ക് ആകുന്നില്ലെങ്കിൽ ആരോടുപറയാൻ? ചിന്തിച്ചാൽ നന്ന്. കരുതലാണ് ദുരന്ത നിവാരണത്തെക്കാളും ഫലം ചെയുന്നത്.
ടോം ജോസ് തഴുവംകുന്ന്
എന്താണു മനുഷ്യാവകാശം?
10:29 PM Nov 18, 2020 | Deepika.com