ലോകം കീഴടക്കി കുതിച്ചുപായുന്ന കോവിഡ് - 19 വൈറസിന്റെ വ്യാപനം തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. ചൈനയിലെ വുഹാൻ മാർക്കറ്റിൽനിന്ന് മനുഷ്യനിലേക്കു പകർന്നു എന്നു കരുതപ്പെടുന്ന വൈറസിന്റെ ആദ്യ ഇര ആരാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും 2019 നവംബർ 17നാണ് ആദ്യ വൈറസ്ബാധ കണ്ടെത്തിയത് എന്നാണു കണക്കാക്കപ്പെടുന്നത്.
ഡിസംബർ ഒന്നിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് എന്നാണ് ഔദ്യോഗിക ഭാഷ്യം. എങ്കിലും അതിനുമുമ്പേ ആദ്യ വൈറസ് ബാധിതനെ തിരിച്ചറിഞ്ഞു എന്നാണ് ചൈനീസ് സർക്കാരിന്റെ രഹസ്യരേഖകളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2019 നവംബറിൽ ഒമ്പതു പേരിലെങ്കിലും രോഗബാധ ഉണ്ടായി എന്നും കരുതപ്പെടുന്നു.
ചൈനയ്ക്കു പുറത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത് ജനുവരി 13നാണ്. തായ്ലൻഡിലെ 61 വയസുള്ള സ്ത്രീക്കാണു വൈറസ് ബാധയുണ്ടായത്.
പിന്നീടു ലോകത്തിന്റെ മിക്കഭാഗങ്ങളിലേക്കും വൈറസ് പടർന്നത് ശരവേഗത്തിലായിരുന്നു. ഇതുവരെ 219 രാജ്യങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ വരെ ലോകത്താകമാനമായി 5,48,95,476പേരാണ് വൈറസ് ബാധിതരായിട്ടുള്ളത്. ഇതിൽ 13,25,418 പേർ മരിച്ചു. 3,81,96,888പേർ രോഗമുക്തി നേടി.
ജനുവരി 30ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ വൈറസ്ബാധ സ്ഥിരീകരിച്ചത്. ചൈനയിൽനിന്നെത്തിയ യുവതിയായിരുന്നു ആദ്യ രോഗി. ഇന്നലെവരെ ഇന്ത്യയിൽ 88,45,617പേരാണ് രോഗബാധിതർ. 1,30,109പേർ മരിച്ചപ്പോൾ 82,49,579പേർ രോഗമുക്തിനേടി. രോഗമുക്തി നേടിയവരിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന പഠനറിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഇതുവരെ മരുന്നോ പ്രതിരോധ മരുന്നോ കണ്ടെത്താൻ കഴിയാതെ വൈദ്യശാസ്ത്രം അമ്പരന്നു നിൽക്കുന്നു എന്നതും കോവിഡിന്റെ ഭീതി വർധിപ്പിക്കുകയാണ്.
മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച കുത്തനെ ഇടിഞ്ഞതോടെ ലോക സാമ്പത്തികരംഗം താറുമാറായി. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ലോകത്തു പെരുകുന്നതിനും കോവിഡ് കാരണമായിട്ടുണ്ട്.
കോവിഡ് വൈറസ് മനുഷ്യനിർമിതമാണെന്നും ചൈനയാണ് പ്രതിക്കൂട്ടിലെന്നും ലോകാരോഗ്യ സംഘടന ചൈനയെ സംരക്ഷിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപണമുന്നയിച്ചതും വലിയ വാർത്താ പ്രാധാന്യം നേടി. ഇതിന്റെ പേരിൽ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് അമേരിക്ക നിർത്തലാക്കിയതും വിവാദമായിരുന്നു.
സി.കെ. കുര്യാച്ചൻ
കോവിഡ് രണ്ടാം വർഷത്തിലേക്ക്
10:57 PM Nov 16, 2020 | Deepika.com