ലോക മുലയൂട്ടല്‍വാരം ഓഗസ്റ്റ് 1- 7
മുലയൂട്ടല്‍ ഓരോ കുട്ടിക്കും ജീവിതത്തിന് സാധ്യമായ ഏറ്റവും മികച്ച തുടക്കം നല്കുന്നു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ, പോഷണ, വൈകാരിക മേഖലകളില്‍ മുലയൂട്ടല്‍ നിര്‍ണായകമാണ്. കുഞ്ഞ് ജനിച്ച് ആദ്യമണിക്കൂറില്‍തന്നെ മുലപ്പാല്‍ നല്‍കണം. ആദ്യ ആറുമാസം കുട്ടിക്ക് മുലപ്പാല്‍ അല്ലാതെ മറ്റൊരുതരത്തിലുള്ള ഭക്ഷണവും കൊടുക്കേണ്ടതില്ല.
ആദ്യ ആറുമാസം കുട്ടിക്ക് മുലപ്പാല്‍മാത്രം നല്‍കുന്നതിലൂടെ കുഞ്ഞുങ്ങളുടെ മരണം തടയുന്നതിനൊപ്പം അമ്മമാരുടെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നു. മുലയൂട്ടല്‍ സ്തന-അണ്ഡാശയ അര്‍ബുദവും ഇവ മൂലമുള്ള മരണങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
കോവിഡ് കാലത്തെ മുലയൂട്ടല്‍
കോവിഡ് 19 മഹാമാരിയുടെ കാലത്ത് മുലയൂട്ടല്‍ മുടങ്ങാതിരിക്കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. രോഗബാധതടയാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ചാവണംമുലയൂട്ടല്. മുലയൂട്ടുമ്പോള്‍ മാസ്ക്ക് ധരിക്കുക. മുലയൂട്ടുന്നതിന് മുന്‍പ് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.
കോവിഡ് -19 ബാധിച്ചവരോ സംശയിക്കുന്നവരോ ലക്ഷണങ്ങളുള്ളവരോ ആയ അമ്മമാര്‍ക്ക് മുലയൂട്ടാമോ എന്ന സംശയം എല്ലാവരിലും ഉണ്ടാകാം. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ആന്റിബോഡികള്‍ നേരിട്ട് എത്തുന്നതിലൂടെ മുലയൂട്ടല്‍ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇപ്രകാരം, മുലയൂട്ടല്‍ നവജാതശിശുക്കളെ രോഗങ്ങള്‍ ബാധിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു.അതിനാല്‍ത്തന്നെ, കോവിഡ് -19 ബാധിച്ചവരോ സംശയിക്കുന്നവരോ ആയ അമ്മമാര്‍ ശ്വസന - വ്യക്തിശുചിത്വം ഉറപ്പുവരുത്തി മുലയൂട്ടല്‍ തുടരണം. മുലയൂട്ടുമ്പോഴും കുട്ടിയുടെ അടുത്തായിരിക്കുമ്പോഴും മാസ്ക് ധരിക്കണം.
കുട്ടിയെ സ്പര്‍ശിച്ചതിനു മുന്‍പും ശേഷവും കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശരിയായവിധം വൃത്തിയാക്കണം. സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ തുടര്‍ച്ചയായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗം ബാധിച്ചതോ ലക്ഷണങ്ങളുള്ളതോ ആയ കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ മാര്‍ഗങ്ങളും മുന്‍കരുതലുകളും സ്വീകരിച്ച് ഡോക്ടറുടെ നിര്‍ദേശാനുസരണം മുലപ്പാല്‍ നല്‍കണം. ഡോക്ടറുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ തേടുകയും പാലിക്കുകയും വേണം.
വിവരങ്ങള്‍ക്ക് കടപ്പാട്- ഡോ.പിനാകി ചക്രവര്‍ത്തി
യൂണിസെഫ് കേരള-തമിഴ്നാട് ഓഫീസ് സോഷ്യല്‍ പോളിസി ചീഫ്
സീമ മോഹന്‍ലാല്‍
കോവിഡ്കാലത്ത് മുലയൂട്ടല്‍ അതിനിര്‍ണായകം
11:17 PM Aug 06, 2020 | Deepika.com