വിവരസാങ്കേതികവിദ്യ നിയമത്തിലെ സെക്ഷൻ 69എ നൽകുന്ന അധികാരം ഉപയോഗിച്ച്, ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകള്ക്കു രാജ്യത്തു നിരോധനം ഏർപ്പെടുത്തി. നമ്മുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും പ്രതിരോധത്തിനും സുരക്ഷയ്ക്കും പൊതുക്രമത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ അവ ഏർപ്പെട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.
കഴിഞ്ഞ മാസം, ഇന്ത്യയിലെ ആദ്യ ആയിരം ആൻഡ്രോയ്ഡ് ആപ്പുകളിൽ ഈ 59 നിരോധിത ആപ്പുകളിലെ 27 എണ്ണം ഇടം പിടിച്ചിരുന്നു.
മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉപയോഗം ഇന്ത്യയിൽ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ മൂന്നാണ്: സ്മാർട് ഫോണുകളുടെ വർധിക്കുന്ന ഉപയോഗം, രാജ്യത്തെ ജനങ്ങളുടെ ഇടയിൽ വർധിക്കുന്ന ഇന്റർനെറ്റ് ഉപഭോഗം, സമൂഹ മാധ്യമ ആപ്ലിക്കേഷനുകളുടെ ഉപയോഗവും അവയുടെ സ്വീകാര്യതയും. ഇന്ത്യൻ ഉപഭോക്താക്കളുടെ ഇടയിൽ വലിയതോതിലുള്ള കടന്നുകയറ്റം നടത്താൻ ചൈനീസ് ആപ്പുകളെ ഈ മൂന്നു വസ്തുതകളും സഹായിച്ചിട്ടുണ്ടാകാം.
സമൂഹത്തിന്റെ വിവിധ തുറകളുമായി ബന്ധപ്പെട്ട 59 ചൈനീസ് ആപ്പുകളാണ് ഭരണകൂടം നിരോധിച്ചത്. എന്നാൽ, ഇവയിൽ ഒന്നുപോലും ജനങ്ങളുടെ വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യവികസനം തുടങ്ങിയ കാര്യങ്ങളിൽ ഗുണകരമായ ഒരു ഫലവും നല്കുന്നവയായിരുന്നില്ല. ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഈ സാഹചര്യത്തിൽ, പൗരന്മാരുടെ മുന്നോട്ടുള്ള ജീവിതക്രമത്തിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏറെ പങ്കുവഹിക്കാനുണ്ട്. ഐടി മേഖലയിൽ ഈ സ്ഥാപനങ്ങൾക്കുള്ള വൈദഗ്ധ്യം, മൊബൈൽ ആപ്ലിക്കേഷൻ വികസനവുമായി ബന്ധിപ്പിച്ചാൽ, ഇന്ത്യക്കായി, ഇന്ത്യക്കാർ തന്നെ തയാറാക്കുന്ന, ഇന്ത്യക്കാർക്കു വേണ്ടിയുള്ള വിവിധോദ്ദേശ്യ തദ്ദേശീയ മൊബൈൽ ആപ്ലിക്കേഷനുകൾ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയും.
ഐടി/ആപ്ലിക്കേഷൻ വികസന കമ്പനികളുമായുള്ള പങ്കാളിത്തം
ലോകത്തെതന്നെ ഒരു ഐടി ശക്തിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ആവശ്യമായ സാങ്കേതികപരിജ്ഞാനമുള്ളവരെ നൽകുന്നതിൽ നമുക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ല. എങ്കിലും, മൊബൈൽ ആപ്ലിക്കേഷൻ വികസനവുമായി ബന്ധപ്പെട്ട് സഹകരണാടിസ്ഥാനത്തിലുള്ള ഒരു നയത്തിന് രൂപം നൽകാവുന്നതാണ്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഐടി അനുബന്ധ കോഴ്സുകൾ എന്നിവ നൽകുന്ന രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങൾക്ക് ടിസിഎസ്, ഇൻഫോസിസ് , എച്ച്സിഎൽ, വിപ്രോ മുതലായ ഐടി സംരംഭങ്ങൾ, മൊബൈൽ ആപ്ലിക്കേഷൻ വികസനരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിക്കാനാവും. ഇതിലൂടെ, മൊബൈൽ ആപ്ലിക്കേഷൻ വികസനവുമായി ബന്ധപ്പെട്ട സംയുക്ത സർട്ടിഫിക്കേഷൻ കോഴ്സുകൾ നൽകാനും ഇവർക്ക് സാധിക്കും. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സാങ്കേതികവിദ്യ കോഴ്സുകളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക, മൊബൈൽ ആപ്ലിക്കേഷൻ വികസന രംഗത്ത് മികവാർന്ന, അംഗീകൃത മനുഷ്യവിഭവശേഷി ലഭ്യത ഉറപ്പാക്കുക തുടങ്ങിയ നേട്ടങ്ങൾ ഈ നയം നടപ്പാക്കുന്നതിലൂടെ നമുക്ക് സ്വന്തമാക്കാനാവും.
അത്തരം ഉന്നത വിദ്യാഭ്യാസ- സാങ്കേതികവിദ്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും, സാമ്പത്തികവിഭവങ്ങളും മൊബൈൽ ആപ്ലിക്കേഷൻ വികസന ഇൻക്യൂബേറ്ററുകൾക്കായി നൽകാവുന്നതാണ്. ഇത് നൂതന ആശയങ്ങളുടെ രൂപീകരണം, ബന്ധപ്പെട്ട ആപ്ലിക്കേഷനുകളുടെ രൂപകല്പന, അവയുടെ പരിശോധന, വിപണിയിലേക്കുള്ള അവതരണം തുടങ്ങിയവ ഒരു കുടക്കീഴിലാക്കാൻ സഹായിക്കുകയും ചെയ്യും. ഈ പങ്കാളിത്തത്തിലൂടെ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തങ്ങളുടെ ഉപയോഗശൂന്യമായി കിടക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ പ്രത്യേക ലാബുകളോ, പരിശോധന സൗകര്യങ്ങളോ തയാറാക്കാവുന്നതാണ്.
ഇതു കാലക്രമത്തിൽ മൊബൈൽ ആപ്ലിക്കേഷൻ രംഗത്തെ ഗവേഷണവികസന കേന്ദ്രങ്ങളായും വളർത്തിയെടുക്കാനാവും. ഐടി വ്യവസായ രംഗവുമായി സഹകരിക്കുന്നതോടെ, ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്, മൊബൈൽ ആപ്ലിക്കേഷൻ വികസനരംഗത്തേക്കായുള്ള പ്രത്യേക കോഴ്സുകളും തയാറാക്കി നൽകാനാവും. റെഗുലർ ബിരുദതല സാങ്കേതികവിദ്യ കോഴ്സുകളായ ബിഇ, ബിടെക്, ബിഎസ്സികൾക്കൊപ്പം ഇവ ഉൾപ്പെടുത്താനും സാധിക്കും.
ഈ നീക്കത്തിന് രണ്ടു ഗുണങ്ങളുണ്ട്. ഒന്ന്, മൊബൈൽ ആപ്ലിക്കേഷൻ വികസനരംഗത്തേക്കാവശ്യമായ അംഗീകൃത മനുഷ്യവിഭവത്തിന്റെ ലഭ്യത. രണ്ട്, ഇത്തരം സ്ഥാപനങ്ങളിലെ സാങ്കേതികവിദ്യ കോഴ്സുകളുടെ തൊഴിൽശേഷി വർധിപ്പിക്കുകയും അതുവഴി കാമ്പസ് പ്ലേസ്മെന്റുകളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
സെക്ടർ സ്കിൽ കൗൺസിലുമായുള്ള സഹകരണം: കൂടുതൽ നിയമനങ്ങൾ നടക്കുന്ന, കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള ജോലികൾ ഏതൊക്കെയെന്ന് IT-ITeS സെക്ടർ സ്കിൽസ് കൗൺസിൽ കണ്ടെത്തിയിരുന്നു. ഐടി സേവനങ്ങൾ, BPM, ER&D, SPD എന്നിവയാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള തൊഴില് മേഖലകൾ. ഐടി സേവനങ്ങൾക്ക് കീഴിൽ നൈപുണ്യമുള്ളവരെ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു മേഖലയാണ് ആപ്ലിക്കേഷൻ വികസനം. മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പേഴ്സിനായി ഐടി സേവനങ്ങൾക്ക് കീഴിൽ NSQF ലെവൽ 5, 6, 7 യോഗ്യതകളുള്ളവർക്ക് വലിയ ആവശ്യം നേരിടാനിടയുണ്ട്. അതുകൊണ്ട് തന്നെ, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങൾക്ക് സെക്ടർ സ്കിൽ കൗൺസിൽ നിർദേശിക്കുന്ന യോഗ്യതകൾക്കു അനുസൃതമായി തങ്ങളുടെ പാഠ്യപദ്ധതികളിൽ മാറ്റം വരുത്താനാവുന്നതാണ്. രാജ്യത്തെ ഉന്നതസാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്, മൊബൈൽ ആപ്ലിക്കേഷൻ വികസനവുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രോഗ്രാമുകൾക്ക് രൂപം നൽകാനും കഴിയും.
ഈ ലോക്ഡൗൺ കാലയളവിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനായി ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീംസ് മുതലായ വിഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളെയാണ് രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസസ്ഥാപനങ്ങളും ആശ്രയിച്ചത്. ഇന്ദിരാഗാന്ധി ദേശീയ ഓപ്പൺ സർവകലാശാല വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ലഭ്യമാക്കാനായി ഉപയോഗിച്ചത്, ഇഗ്നോ തന്നെ വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ആപ്ലിക്കേഷനാണ്.
IGNOU e-content App എന്ന ഈ ആപ്ലിക്കേഷൻ ഇതുവരെ അഞ്ച് ലക്ഷത്തിലേറെപ്പേർ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. ഓൺലൈൻ പ്രവേശനം, അസൈൻമെന്റ് സമർപ്പണം, മൂല്യനിർണയം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർഥികൾക്ക് സമഗ്രപിന്തുണ ഉറപ്പാക്കുന്ന ഒരു സമർപ്പിത ആപ്ലിക്കേഷൻ വികസിപ്പിക്കുന്ന തിരക്കിലാണ് സർവകലാശാല ഇപ്പോൾ.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മുന്നിലെ അവസരങ്ങൾ: തങ്ങൾക്ക് മുന്നിലെ വെല്ലുവിളികൾ മറികടന്നുകൊണ്ട്, കയ്യിലുള്ള വിഭവങ്ങളെല്ലാം ഉപയോഗപ്പെടുത്തി, വിദ്യാർഥികൾക്ക് ഓൺലൈൻ പിന്തുണ നല്കാനാവശ്യമായ ഒരു തദ്ദേശീയ വീഡിയോ കോൺഫെറൻസിംഗ് ആപ്ലിക്കേഷൻ വികസിപ്പിക്കാൻ രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്കാവണം.
ഡിജിറ്റൽ അന്തരം കുറയ്ക്കൽ: രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ, ശരാശരി 50% മാത്രമാണ്. തദ്ദേശീയവും, ഉപയോഗ സൗഹൃദവുമായ മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലൂടെ ഈ ഡിജിറ്റൽ അന്തരം കുറച്ചുകൊണ്ടുവരാൻ സാധിക്കും.
വേണ്ടതു സമഗ്ര മൊബൈൽ ആപ്ലിക്കേഷൻ
വിദ്യാഭ്യാസസ്ഥാപനങ്ങൾക്കായി ഒരു സമഗ്ര മൊബൈൽ ആപ്ലിക്കേഷനാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. താഴെപ്പറയുന്നവ ഉൾപ്പെടുത്തിയാവണം ഇങ്ങനെയൊരു സംവിധാനത്തിന് രൂപം നൽകേണ്ടത്:
1. ഇ-പഠനം / ഇ- ട്യൂട്ടോറിയലുകൾ എന്നിവയ്ക്കായി വീഡിയോ കോൺഫെറൻസിംഗ് ആപ്ലിക്കേഷൻ
2. നേരത്തെ റിക്കാർഡ് ചെയ്ത ശബ്ദദൃശ്യ പാഠഭാഗങ്ങളടക്കമുള്ള ഇലക്ട്രോണിക് കണ്ടെയ്നറുകൾ
3. അസൈൻമെന്റുകൾ/ട്യൂട്ടോറിയലുകൾ എന്നിവയ്ക്കായി ഇ- മൂല്യനിര്ണയം
4. ഇ- രജിസ്ട്രേഷൻ/പ്രവേശനം
5. സഹപാഠികളുമായുള്ള ആശയവിനിമയത്തിന് ഇ-ഫോറങ്ങള്
6. ഓൺലൈൻ പരീക്ഷകൾ
രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ, മൊബൈൽ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയ ഒരു പാഠ്യ നിർവഹണ സംവിധാനത്തിനു രൂപം നൽകുകയാണെങ്കിൽ അത് സൃഷ്ടിക്കുന്ന മാറ്റം വളരെ വലുതായിരിക്കും. ഒരു വിദ്യാർത്ഥിയുടെ പ്രവേശനത്തിനു മുൻപേയുള്ള കൗൺസലിംഗ് മുതൽ അവസാനത്തെ ബിരുദദാനച്ചടങ്ങ് വരെയുള്ള പഠനകാലയളവിലെ മുഴുവൻ സന്ദർഭങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സംവിധാനം. ഇത്തരം മൊബൈൽ പഠന ആപ്ലിക്കേഷനുകൾക്ക്, അധ്യാപനപഠന പ്രവർത്തനങ്ങളെ മൊത്തത്തിൽത്തന്നെ മാറ്റിമറിക്കാനുള്ള അപാരമായ ശേഷിയുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തു മാത്രമല്ല, സ്കൂൾ വിദ്യാഭ്യാസ രംഗത്തും ഇവയ്ക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും.
പ്രഫ. നാഗേശ്വർ റാവു
(ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലറാണു ലേഖകൻ)
വികസിപ്പിക്കാം, സ്വന്തം മൊബൈൽ ആപ്
01:04 AM Jul 07, 2020 | Deepika.com