കാലങ്ങളായി താൻ കാത്തുകിടന്നവന്റെ കാല്പാദങ്ങൾ തന്നിലെ തണുത്തനീരിൽ നനഞ്ഞമാത്രയിൽ ജോർദാൻ നദിക്ക് ആത്മനിർവൃതി. താൻ ആർക്കുവേണ്ടി വഴിയൊരുക്കിയോ അവനു സ്നാനം നൽകിയതിൽ യോഹന്നാൻ നിവ്യാക്ക് കർമസാഫല്യം. തുടക്കത്തിന്റെ ഭാഗമാണ് സ്നാനം.
യാത്രക്കുമുന്പ് നാം സാധാരണ കുളിക്കാറുണ്ട്. കുഞ്ഞാടായവനും ഒരു കുളിയോടെയാണ് തന്റെ പ്രയാണം ആരംഭിച്ചത്. വാനിടത്തിന്റെ വാതായനം തുറന്ന് സ്വർഗീയപിതാവ് അവൻ തന്റെ പ്രിയസുതനെന്ന് സാക്ഷ്യമേകി. സ്നാനം പുതുമയുടെ അനുഭവം നൽകുന്നുണ്ട്. തന്റെ ജ്ഞാനസ്നാനത്തിൽ നൽകപ്പെട്ട പുതുമയും പരിശുദ്ധിയും കുരിശോളം അവൻ കാത്തുസൂക്ഷിച്ചു. നമ്മുടെ ജ്ഞാനസ്നാനസമയത്തും നാം കണ്ടില്ലെങ്കിലും സ്വർഗം തുറക്കുകയും ആത്മാവ് ആവസിക്കുകയും ചെയ്തിരുന്നു. നാം കേട്ടില്ലെങ്കിലും ദൈവം തന്റെ ഓമനയെന്ന് നമ്മെയും വിളിച്ചിരുന്നു. മാമ്മോദീസാവേളയിൽ നാമും സ്വർല്ലോകത്തിന്റെ സംപ്രീതരായവരാണ്. ആ പ്രീതി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടോ? അന്നു നല്കപ്പെട്ട പുതുമയും പരിശുദ്ധിയും അഭംഗുരം സൂക്ഷിക്കാൻ വളർന്നുവന്ന വഴികളിൽ സാധിച്ചിട്ടുണ്ടോ? ആത്മശരീരങ്ങളുടെ നൈർമല്യത്തിന്റെ അടയാളമായി അന്ന് നമ്മെ അണിയിച്ച വെള്ളവസ്ത്രത്തിൽ പാപത്തിന്റെ പുള്ളിക്കറകൾ പതിഞ്ഞിട്ടുണ്ടെങ്കിൽ ഈ തപസുകാലത്ത് അനുതാപത്തിന്റെ അശ്രുധാരയിൽ കഴുകിവെടിപ്പാക്കാം.
""ഇപ്പോൾ ഇതു സമ്മതിക്കുക'' എന്ന യേശുവിന്റെ വാക്കുകൾ നാം ദൈവഹിതത്തിനു മുൻഗണന കൊടുക്കണമെന്നും, ഓരോ മാമ്മോദീസയും ദൈവികപദ്ധതിയുടെ ഭാഗമാണെന്നും നമ്മെ ഓർമിപ്പിക്കുന്നു. നമ്മുടെ അസൗകര്യങ്ങളും ന്യായവാദങ്ങളും നമ്മെക്കുറിച്ചുള്ള ദൈവികപദ്ധതിക്ക് തടസമാകാതിരിക്കണം. ജ്ഞാനസ്നാനം ജ്ഞാനത്തിലുള്ള സ്നാനമാണ്. ദൈവത്തെക്കുറിച്ചുള്ള അറിവാണ് ഏറ്റവും ഉൽകൃഷ്ടമായത്. അതിൽ അനുദിനം വളരുക. നാം സ്വീകരിച്ച മമ്മോദീസാ കഴിഞ്ഞുപോയ കേവലമൊരു കൂദാശയല്ല. അനുനിമിഷം ജീവിക്കേണ്ട അവസ്ഥയാണ്, അന്തസാണ്, നമ്മുടെയൊക്കെ വിശ്വാസജീവിതപുസ്തകത്തിന്റെ ആദ്യത്തെ അധ്യായമാണ്. അതിൽ നമുക്ക് ഒരു പേരും പദവിയുമൊക്കെ നൽകപ്പെട്ടു. മാമ്മോദീസയിലൂടെ ദൈവം നമ്മെയും അഭിഷേചിക്കുകയായിരുന്നു. നമ്മുടെ ക്രിസ്തീയവിശ്വാസയാത്രയുടെ തുടക്കം അവിടെയായിയിരുന്നു. മാമ്മോദീസാത്തൊട്ടിയിൽ തുടങ്ങി മരണക്കട്ടിൽവരെയുള്ള മണ്ണിലെ നമ്മുടെ ജീവിതം ജ്ഞാനസ്നാനത്തിന്റെ പ്രസാദവരത്തിലുള്ള ഒന്നായിരിക്കണം. ജീവിതമകുന്ന ജോർദാനിൽ പശ്ചാത്താപത്തിന്റെ ജലം ധാരാളം ഉണ്ടാവണം. അവിടെ രക്ഷകൻ തീർച്ചയായും നടന്നെത്തും. നമുക്കു മീതേ നാകവും തുറക്കപ്പെടും.
താപസവഴിയേ - 10 / ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
സ്നാനം
12:01 AM Mar 04, 2020 | Deepika.com