കൊടിക്കുന്നിൽ സുരേഷ്
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തുന്നതുൾപ്പെടെയുള്ള പദ്ധതികൾക്ക് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 150 കോടിയോളം രൂപ അനുവദിച്ചിരുന്നതായി കേന്ദ്രജലശക്തി വകുപ്പ് മന്ത്രി രത്തൻലാൽ കഠാരിയ കൊടിക്കുന്നിൽ സുരേഷിനെ അറിയിച്ചു. വെള്ളപ്പൊക്ക നിർവഹണ പദ്ധതി പ്രകാരമാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. നാല് പദ്ധതികളും സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരമല്ലെന്നും മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്ക നിർവഹണ പദ്ധതികൾക്ക് രൂപം നൽകേണ്ടതും നടപ്പിലാക്കേണ്ടതും അതത് സംസ്ഥാന സർക്കാരുകളാണ്. സാന്പത്തിക സഹായവും അത്യാവശ്യ ഘട്ടങ്ങളിൽ സാങ്കേതിക വൈദഗ്ധ്യവും കേന്ദ്ര സർക്കാർ നൽകും. അനുവദിച്ച നാലു പദ്ധതികളിൽ 16000 ഹെക്ടറിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നതായും മന്ത്രി അറിയിച്ചു.
ഹൈബി ഈഡൻ
ബിഎസ്എൻൽ മേഖലയിലെ സാന്പത്തിക പ്രതിസന്ധി ഉന്നയിച്ച് ഹൈബി ഈഡൻ. രാജ്യത്ത് ഒരു ലക്ഷത്തോളം ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്കും കേരളത്തിൽ എണ്ണായിരത്തോളം വരുന്ന തൊഴിലാളികൾക്ക് 20 മാസക്കാലമായി ശബളം മുടങ്ങിയിരിക്കുകയാണ്. രാജ്യത്ത് ഏഴോളം ആത്മഹത്യകളാണ് ഇതുമായി ബന്ധപ്പെട്ടു നടന്നത്. നിർബന്ധിത സ്വയം വിരമിക്കലിലൂടെ ബിഎസ്എൻഎല്ലിനെ സംരക്ഷിക്കാൻ കഴിയില്ല. ടെലികോം രംഗത്തെ കോർപ്പറേറ്റുകളെ സഹായിക്കാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നതെന്നു ഹൈബി ആരോപിച്ചു.
എം.കെ രാഘവൻ
യുദ്ധക്കപ്പൽ രൂപകല്പനക്കായി കോഴിക്കോട് ചാലിയത്ത് ആരംഭിച്ച നിർദേശിന്റെ പ്രവർത്തനത്തിൽ സംഭവിച്ച അനിശ്ചിതത്വം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് എം.കെ രാഘവൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. പ്രതിരോധവകുപ്പിനു വേണ്ടിയുള്ള കപ്പൽ നിർമാണത്തിനായി ഇന്ത്യ കൂടുതലും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിർദേശ് പൂർണമായും സജ്ജമാകുന്നതോടുകൂടി ഈ മേഖലയിലെ വിദേശ വിനിമയം കുറക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടൂർ പ്രകാശ്
ആറ്റിംഗൽ ബൈപാസ് പദ്ധതിയുടെ മുന്ന് എ നോട്ടിഫിക്കേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സംസ്ഥാന ഹൈവേ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ നാഷണൽ ഹൈവേ വികസനം സംബന്ധിച്ച് അടൂർ പ്രകാശ് ഉന്നയിച്ച് ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പി.കെ കുഞ്ഞാലിക്കുട്ടി
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളത്തിന്റെ പുനർനിർമാണത്തിന് കേന്ദ്രസർക്കാർ നൽകിയ ധനസഹായം അപര്യാപ്തമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കുന്നതിൽ അസമത്വമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഈ അസമത്വം പരിഹരിച്ച് കേരളത്തിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ടി.എൻ പ്രതാപൻ
ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ലോകസഭയിൽ അവതരിപ്പിച്ച് ടി.എൻ പ്രതാപൻ. കാലാവസ്ഥാ വ്യതിയാനം കടലിലെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചുവെന്നും ഇത് മത്സ്യസന്പത്തിനെ ഗണ്യമായി കുറച്ചുവെന്നും കടൽക്ഷോഭവും പ്രകൃതി ദുരന്തങ്ങളും മത്സ്യത്തൊഴിലാളികളുടെ ജീവിതം നരക തുല്യമാക്കിയിരിക്കുകയാണെന്നും പ്രതാപൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. കടൽക്ഷോഭ ബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാനങ്ങളെ കേന്ദ്രം പ്രത്യേക ധനസഹായം നൽകി സഹായിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
കെ. സുധാകരൻ
അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും പ്രവർത്തനം നടത്താനും ആവശ്യമായ നിലവാരം ഉയർത്തുന്ന തരത്തിൽ നല്കുന്ന “പോയന്റ് ഓഫ് കോൾ’സ്റ്റാറ്റസ് പദവി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന് ഇപ്പോൾ ലഭിക്കില്ലെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഇന്റീരിയർ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ പോയിന്റ് ഓഫ് കോൾ സ്റ്റാറ്റസ് നല്കാൻ നിർവ്വാഹമില്ല. കേരളത്തിലെ മറ്റ് എയർപോർട്ടുകൾക്ക് ഈ പദവി നല്കിയിട്ടുണ്ടെന്നും കെ. സുധാകരന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി നൽകി.
എൻ.കെ പ്രേമചന്ദ്രൻ
കൊല്ലം ബൈപ്പാസിലെ അപകടങ്ങളെ കുറിച്ചുള്ള പരാതികളും റിപ്പോർട്ടുകളും വാർത്തകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യൻ റോഡ് കോണ്ഗ്രസ് മാർഗനിർദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകാരണങ്ങൾ ബൈപ്പാസിൽ സ്ഥാപിച്ചിട്ടുണ്ട് എന്നും ബൈപ്പാസ് നാലുവരിപാത ആക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എൻകെ പ്രേമചന്ദ്രനെ മന്ത്രി അറിയിച്ചു. 2019 ജനുവരിയിൽ പൂർത്തീകരിച്ച രണ്ടു വരി പാത ബൈപ്പാസിൽ അപകടങ്ങൾക്കു കാരണം അമിതവേഗതയും ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് റിപ്പോർട്ട് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടനാട്ടിലെ പുറം ബണ്ടുകൾക്ക് 150 കോടി രൂപ നൽകിയെന്നു കേന്ദ്രം
12:08 AM Nov 22, 2019 | Deepika.com