കൊട്ടാരക്കര: കുടിവെള്ള ക്ഷാമത്തിന്റെ പേരു പറഞ്ഞ് ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഗ്രാമീണ മേഖലയിൽ നിർമിച്ച കുഴൽ കിണറുകളെല്ലാം പ്രയോജനരഹിതം.ഇതിൽ ഹാൻഡ് പമ്പ് ഉപയോഗിക്കുന്നവയും മോട്ടോർ ഉപയോഗിച്ച് ജലവിതരണം നടത്തുന്നവയും പെടും.
കൊടിയ അഴിമതിയാണ് ഇതിന് കാരണം. കഴിഞ്ഞ 25 വർഷത്തിലധികമായി ഈ അഴിമതി തുടരുന്നു. കോടികളാണ് കുഴൽ കിണറുകളുടെ പേരിൽ ഉദ്യോഗസ്ഥരും കരാറുകാരും അടിച്ചുമാറ്റിയിട്ടുള്ളത്. ഇപ്പോഴും തുടരുകയും ചെയ്യുന്നു.
അധികം ജനശ്രദ്ധയിൽപ്പെടാത്ത സർക്കാർ വകുപ്പാണ് ഗ്രൗണ്ട് വാട്ടർ അതോറിറ്റി. ഇവർക്ക് ഭൂഗർഭ ജലസംരക്ഷണത്തിനും ജല സ്രോതസുകളുടെ സംരക്ഷണത്തിനും കുടിവെള്ളമുറപ്പാക്കുന്നതിനുമായി വൻ തുകയാണ് സർക്കാർ വർഷം തോറും ബജറ്റിൽ വകയിരുത്താറുള്ളത്. എന്നാൽ കുഴൽ കിണറുകൾ കുഴിക്കുന്നതിൽ മാത്രമാണ് ഉദ്യോഗസ്ഥ താൽപര്യം. ഇതിനായി ഉദ്യോഗസ്ഥരടക്കമുള്ള ഒരു സംഘം പ്രവർത്തിച്ചുവരുന്നു.
ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഈ സംഘം ആദ്യം ചെയ്യുന്നത് പ്രാദേശിക ജനപ്രതിനിധികളെയും രാഷ്ട്രീയ പ്രവർത്തകരെയും പണം കൊടുത്ത് കൈയിലെടുക്കുക എന്നതാണ്.
തുടർന്ന് കുടിവെള്ളമില്ലെന്ന നാട്ടുകാരുടെ പരാതി സംഘടിപ്പിക്കുക, ഉയർന്ന ജനപ്രതിനിധിയെ കൊണ്ട് ഇതിനനുകൂലമായി കത്തു വാങ്ങിക്കുക തുടങ്ങിയവയാണ്. ഇത് ജില്ലാ ഓഫീസിലെത്തുമ്പോൾ തന്നെ കുഴൽ കിണർ കുഴിക്കാൻ അനുമതിയാകും. ഉദ്യോഗസ്ഥരുടെ ബിനാമിയാകും കരാറുകാരൻ. ഇവർ സ്ഥലത്തെത്തി കുഴൽ കിണർ കുഴിച്ച് വെള്ളം കാണിക്കും.
ആവശ്യമായ രീതിയിൽ കുഴി കുത്താത്തതിനാൽ ആദ്യം കിട്ടുന്ന വെള്ളം ദിവസങ്ങൾക്കകം ഇല്ലാതാകും. വെള്ളം ലഭിച്ചാൽ അത് ചെളിവെള്ളമാവുകയും ചെയ്യും. മതിയായ രീതിയിൽ പൈപ്പ് ഇറക്കാത്തതാണ് കാരണം. നിലവാരമില്ലാത്ത പൈപ്പുകളും ഗുണമേൻമയില്ലാത്ത മോട്ടോറുകളുമാണ് ഉപയോഗിക്കുക. ആഴ്ചകൾക്കകം തന്നെ ഈ കുടിവെള്ള പദ്ധതി നിശ്ചലമാകും.
തട്ടിപ്പ് അവിടെയും നിൽക്കുന്നില്ല. വെള്ളം കിട്ടാതെ വരുമ്പോൾ നാട്ടുകാരുടെ പരാതിയുണ്ടാകും. ഇത് മുതലെടുത്ത് അറ്റകുറ്റപണിയെന്ന പേരിൽ വീണ്ടും തുകയനുവദിച്ച് പഴയ തട്ടിപ്പ് ആവർത്തിക്കുകയും ചെയ്യും.
കുളക്കട പഞ്ചായത്തിലെ ഒരു ഗ്രാമത്തിൽ മാത്രം ആറു കുഴൽകിണറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരെണ്ണത്തിൽ നിന്നു പോലും ഇപ്പോൾ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല.
ജലക്ഷാമം രൂക്ഷവുമാണ്. ഇവക്കെല്ലാം അറ്റകുറ്റപ്പണിയ്ക്ക് പണം അനുവദിച്ചിരുന്നു. ഭരണകക്ഷിയിൽപെട്ട ഒരു രാഷ്ട്രീയ പ്രവർത്തകനും വകുപ്പുദ്യോഗസ്ഥരും ചേർന്നാണ് ഈ തട്ടിപ്പുകൾ നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.
കിണർ വെള്ളമില്ലാത്ത കുടുംബങ്ങൾ ഒരു കുഴൽ കിണർ കുഴിക്കാൻ അനുമതിക്ക് അപേക്ഷിച്ചാൽ അത് എങ്ങനെ തടസപ്പെടുത്താം എന്നാണ് ഈ വകുപ്പ് ചിന്തിക്കുന്നത്. എന്നാൽ പൊതുവായ കുഴൽ കിണർ നിർമിക്കാൻ തടസങ്ങളൊന്നുമില്ല. അത് പണം കായ്ക്കുന്ന മരമാണ്.
അഴിമതി: ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ കുഴൽ കിണറുകൾ പ്രവർത്തനരഹിതം
11:20 PM Mar 31, 2023 | Deepika.com