പുനലൂർ: പുനലൂർ -അഞ്ചൽ മലയോര ഹൈവേയിൽ കരവാളൂർ പിറയ്ക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വെഞ്ചേമ്പ് ചാരുകുഴി പുത്തൻ വീട്ടിൽ പ്രകാശിന്റെ മകൻ സ്വാതി പ്രകാശ് (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെയാണ് അപകടമുണ്ടായത്. കരവാളൂരിൽ നിന്ന് പുനലൂർ ഭാഗത്തേക്കു വന്ന ബൈക്ക് നിയന്ത്രണം വിട്ട് പുനലൂരിൽ നിന്ന് കരവാളൂരിലേക്ക് വരികയായിരുന്ന ബുള്ളറ്റിൽ ഇടിയ്ക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന സ്വാതി പ്രകാശും, ഒപ്പമുണ്ടായിരുന്ന ജ്യോതിഷും റോഡിലേക്കു തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ സ്വാതി പ്രകാശ് തത്ക്ഷണം മരിച്ചു. സിന്ധുവാണ് മാതാവ്. സഹോദരി പൊന്നി. ഇലക്ട്രീഷനായ സ്വാതി പ്രകാശിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗദിയിൽ ജോലി ചെയ്യുന്ന അച്ഛൻ പ്രകാശ് എത്തയിട്ട് സംസ്കാരം നടത്തും.
ബുള്ളറ്റ് യാത്രികരായ വട്ടമൺ സ്വദേശി ജിത്തു, സഹയാത്രികയായ ശാസ്താംകോണം സ്വദേശിനി പാർവതി എന്നിവർക്ക് സാരമായി പരിക്കേറ്റു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട രണ്ടാമത്തെ ബുള്ളറ്റ് യാത്രികരായ വാളക്കോട് സ്വദേശികൾ ആയ ഷമീം, ഗോഡ്വിൻ എന്നിവരെ പരിക്കുകളോടെ പുനലൂർ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുള്ളറ്റ് ഓട്ടോറിക്ഷയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ മൂന്നു കരണം മറിഞ്ഞ് തലകീഴായി റോഡിൽ പതിയ്ക്കുകയുമായിരുന്നു.
ഓട്ടോ ഡ്രൈവറായ ചെമ്മന്തൂർ കടുവാക്കുഴി ഷിബു ഭവനിൽ ഷിബുവും ഓട്ടോയിൽ യാത്രചെയ്ത ഷിബുവിന്റെ രണ്ട് മക്കളും അത്ഭുതകരമായി രക്ഷപെട്ടു.
വാഹനാപകടത്തിൽ യുവാവ് മരിച്ചു
02:37 AM Mar 30, 2023 | Deepika.com