ആര്യങ്കാവ് : ആര്യങ്കാവില്‍ കാട്ടാനയുടെ കുത്തേറ്റു തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. അമ്പനാട് തേയില തോട്ടത്തിലെ അരണ്ടല്‍ ഡിവിഷനില്‍ സോപാല്‍ (45) നാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. അരണ്ടല്‍ ഭാഗത്ത് തേയില തോട്ടത്തില്‍ പൊട്ടിയ പൈപ്പുകള്‍ പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നും എത്തിയ ആന സോപാലിനെ കുത്തുകയായിരുന്നു. ഉടന്‍ ആംബുലന്‍സ് എത്തിച്ചു തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വയറിനു ഗുരുതരമായി പരിക്കേറ്റ സോപാല്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കാട്ടാന ആക്രമണം നടത്തിയ തേയില തോട്ടത്തില്‍ കാട് വളര്‍ന്നു നില്ക്കുന്നതിനാല് ആന ഇറങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
പൊട്ടിയ പൈപ്പ് പരിശോധിച്ച് പോകവേ സോപാല്‍ ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സോപലിന് മൂന്നു ശാസ്ത്രക്രീയ നടത്തിയതായും ഇനിയും മൂന്നിലധികം ശാസ്ത്രക്രീയകള്‍ ആവശ്യമാണ് എന്നും ബന്ധുക്കള്‍ അറിയിച്ചു. അടിയന്തിരമായി ചികിത്സാ സഹായം എത്തിക്കാന്‍ ശ്രമം തുടങ്ങിയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. തേയില തോട്ടങ്ങളില്‍ വളര്‍ന്നു നില്ക്കുന്ന കാടുകള്‍ വെട്ടി നീക്കാന്‍ തോട്ടം മാനേജ്മെന്റും വന്യ മൃഗ ആക്രമണങ്ങളില്‍ നിന്നും തൊഴിലാളികളുടെ ജീവന് സംരക്ഷണം നല്കാന് വനം വകുപ്പും നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുപ്രവര്‍ത്തകരും തൊഴിലാളികളും ആവശ്യപ്പെട്ടു.
ആര്യങ്കാവില്‍ കാട്ടാനയുടെ കുത്തേറ്റ് തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
11:23 PM Mar 23, 2023 | Deepika.com