അഞ്ചല്‍ : അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് അംഗം രാജിവച്ചു. പട്ടിക ജാതി സംവരണ വാര്‍ഡായ തഴമേല്‍ വാര്‍ഡില്‍ ബിജെപി പ്രതിനിധിയായി മത്സരിച്ചു വിജയിച്ച ജി ബിനുവാണ് പഞ്ചായത്ത് സെക്രട്ടറിക്ക് അപ്രതീക്ഷിതമായി രാജിക്കത്ത് നല്‍കിയത്.
എന്നാല്‍ രാജിയുടെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല. ചൊവാഴ്ച രാവിലെ 10.15 ഓടെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയ ബിനു പഞ്ചായത്ത് സെക്രട്ടറി മധുസൂദനന് ഉണ്ണിത്താന് പഞ്ചായത്ത് അംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് നല്കി. എന്നാല്‍ കാര്യങ്ങള്‍ ചോദിച്ച സെക്രട്ടറി കൂടുതല്‍ ആലോചനകള്‍ നേതൃത്വവുമായി നടത്തണം എന്ന് ബിനുവിനോട് ആവശ്യപ്പെട്ടു. ഒരുമണിക്കൂറോളം സംസാരിച്ചു എങ്കിലും രാജി സ്വീകരിച്ചു രസീത് നല്‍കിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ബിനു പറഞ്ഞതോടെ സെക്രട്ടറി രാജി സ്വീകരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞു ബിജെപി നേതാക്കളും ബിനുവിന്റെ ബന്ധുക്കളും എത്തിയപ്പോഴേക്കും അദ്ദേഹം അവിടെനിന്നും പോയിരുന്നു. പിന്നീട് മൊബൈല്‍ ഫോണ ഓഫ് ചെയ്ത ബിനുവു ആരുമായി സംസാരിക്കാന്‍ തയാറായിട്ടില്ല. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയുള്ള ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ രാജിയുടെ ഞെട്ടലിലാണ് ബിജെപി നേതൃത്വം.
കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ഡില്‍ ബിനുവിനെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നുമടക്കം യാതൊരുവിധ സഹകരണവും ലഭിച്ചിരുന്നില്ലെന്നും ചില പ്രതിപക്ഷ പ്രവര്‍ത്തകര്‍ ജാതി അധിക്ഷേപം നടത്തുന്നതായും ബിനു പറഞ്ഞിരുന്നു എന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഒരു വേള ആത്മഹത്യയെ കുറിച്ചുവരെ ബിനു ആലോചിച്ചുവെന്നും ഇവര്‍ വ്യക്തമാക്കി. പത്തൊന്‍പതംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ബിജെപിക്ക് അഞ്ച് അംഗങ്ങളാണ് ഉള്ളത്.
അഞ്ചല്‍ ഗ്രാമപഞ്ചായത്ത് തഴമേല്‍ വാര്‍ഡ് അംഗം രാജിവച്ചു
11:13 PM Mar 21, 2023 | Deepika.com