ചാത്തന്നൂർ : ചിറക്കര ഗ്രാമ പഞ്ചായത്തിലെ ബജറ്റ് അവതരണ യോഗം അലങ്കോലമായി. ബജറ്റ് പാസാക്കാതെ യോഗം പിരിച്ചു വിടേണ്ടി വന്നു. ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്തിലെ സംഭവ വികാസങ്ങൾ ഇടതുമുന്നണിയ്ക്കാകെ തിരിച്ചടിയായി. ഒരു മുന്നണിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ സ്വതന്ത്രനെ കൂട്ടുപിടിച്ച് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയാണ് ഇടതുമുന്നണി ഭൂരിപക്ഷം തികച്ച് ഭരണം നടത്തുന്നത്.
ഭരണപക്ഷത്ത് പ്രസിഡന്റ് ഉൾപ്പെടെ രണ്ടംഗങ്ങളുള്ള സിപിഐയും അഞ്ചംഗങ്ങളുള്ള സിപിഎമ്മും പഞ്ചായത്ത് കമ്മിറ്റിയിൽ വിരുദ്ധ ധ്രുവങ്ങളിലാണ്. ഭരണപക്ഷത്തെ കക്ഷികൾ തന്നെ ചേരിതിരിഞ്ഞ് അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതും ഇടതുമുന്നണിയ്ക്ക് സ്ഥിരം തലവേദനയാണ്. ഈ സാഹചര്യങ്ങൾ തുടരുമ്പോഴാണ് ബജറ്റ് യോഗം അലങ്കോലമായി ബജറ്റിനെക്കുറിച്ച് ചർച്ച നടത്താൻ കഴിയാതെ പിരിച്ചു വിടേണ്ടി വന്നത്.
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് വിതരണം ചെയ്ത ബജറ്റ് പുസ്തകം തല തിരിഞ്ഞതാണെന്ന് പഞ്ചായത്തംഗങ്ങൾ ആരോപിച്ചു. ബജറ്റ് രേഖകൾ അടുക്കും ചിട്ടയുമില്ലാതെയും പേജുകൾ തല തിരിച്ചും പേജുകളുടെ ക്രമനമ്പർ പാലിക്കാതെ വെറും പേപ്പർകൂട്ടം തുന്നിചേർത്ത പോലെയായിരുന്നു ബജറ്റ് പുസ്തകം. ഇതിൽ നോക്കി തുടർച്ചയായി പേജുകൾ കണ്ടെത്തുക ശ്രമകരമാണെന്ന് പഞ്ചായത്തംഗങ്ങൾ കുറ്റപ്പെടുത്തി.
എന്നാൽ വൈസ് പ്രസിഡന്റ് ദേവദാസ് എഴുതി തയാറാക്കിയ ബജറ്റാണ് വായിച്ചത്. ഇതിനെ അംഗങ്ങൾ ആദ്യം എതിർത്തെങ്കിലും പിന്നീട് വായിച്ചു തീർക്കാൻ അനുവദിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബജറ്റ് ചർച്ചയ്ക്കായി അംഗങ്ങളെ ക്ഷണിച്ചു. സി പി എമ്മിലെ സുദർശനൻ പിള്ള സംസാരിച്ചു തുടങ്ങിയപ്പോൾ കോൺഗ്രസിലെ ഉളിയനാട് ജയൻ തടസവാദമുയർത്തി. ശരിയായ രീതിയിലുള്ള ബജറ്റ് പുസ്തകം വിതരണം ചെയ്തിട്ട് മതി ബജറ്റ് ചർച്ച എന്നാവശ്യപ്പെട്ട് ചർച്ച തടസപ്പെടുത്തി.
ഭരണപക്ഷ അംഗങ്ങൾ ഇതിനെ എതിർത്ത് രംഗത്തെത്തിയതോടെ കോൺഗ്രസ്, ബിജെപി അംഗങ്ങളും ഉളിയനാട് ജയന്റെ പിന്നിൽ അണിനിരന്നു. അതോടെ ബഹളമയമായി ചർച്ചയും യോഗവും അലങ്കോലമായി. ബജറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ നിർവഹണ ഉദ്യോഗസ്ഥർ അമ്പരന്നു. അതിഥികളായി എത്തിയ ജില്ലാ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ പ്രശ്നപരിഹാരത്തിന് രംഗത്തെത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ ആശാ ദേവിയും ശ്രീജാഹരീഷും ഇടപെട്ട് ബജറ്റ് ചർച്ച മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാൻ നിർദേശിച്ചു. ഇതേ തുടർന്ന് ബജറ്റ് യോഗം പഞ്ചായത്ത് പ്രസിഡന്റ് പിരിച്ചു വിട്ടു.
ചിറക്കര ഗ്രാമ പഞ്ചായത്ത്: ബജറ്റ് യോഗം അലങ്കോലമായി
11:11 PM Mar 20, 2023 | Deepika.com