കൊല്ലം: ചിന്ത ജെറോമിന്റെ റിസോര്‍ട്ട് വാസത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. റിസോര്‍ട്ട് വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം തങ്കശേരിയിലെ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കാവലില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് റിസോര്‍ട്ടിന് മുന്നില്‍ പോലിസ് തടഞ്ഞു.
കൊല്ലം തങ്കശേരിയിലെ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടില്‍ മൂന്ന് മുറികളുള്ള അപാര്ട്മെന്റില് ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് വാടകയെന്നും ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഇത്രയും പണം യുവജന കമ്മീഷന് അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാന്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം, വിജിലന്‍സിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ താമസത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം രംഗത്തെത്തി. അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നുവെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തില്‍ നല്‍കിയത്. തന്റെ ശന്പളത്തോടൊപ്പം അമ്മയുടെ പെന്ഷന് തുകയുമുപയോഗിച്ച് വാടക നല്‍കിയെന്ന് ചിന്ത വിശദീകരിച്ചു.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
11:12 PM Feb 08, 2023 | Deepika.com