കൊല്ലം: ദളിത് ക്രിസ്ത്യൻ വിഭാഗങ്ങളെ പട്ടിക ജാതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ഈ വിഷയത്തിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി വി നാരായണസ്വാമി നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷൻ ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.
ഒപ്പം തന്നെ ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷൻ ആയുള്ള മൂന്നംഗ കമ്മീഷനെ ഭരണഘടന ആർട്ടിക്കിൾ 341 ൽ ഉൾപ്പെടാത്ത മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത വ്യക്തികളെ പട്ടിക ജാതിയിൽ ഉൾപ്പെടുന്നത് സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുന്നതിനും, അത്തരത്തിൽ പുതിയ വ്യക്തികളെ പട്ടിക ജാതിയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിലവിലുള്ള പട്ടികജാതി വിഭാഗങ്ങൾക്കുളള ഫലങ്ങൾ, പട്ടിക ജാതിയിൽ പെട്ടവർ മറ്റു മതങ്ങളിൽ ചേരുമ്പോൾ അവരുടെ ആചാരങ്ങൾ, പാരമ്പര്യങ്ങൾ,
സാമൂഹികവും, പദവിയിലും മറ്റു രീതിയിലും ഉള്ള വിവേചനങ്ങൾ , ശോഷണങ്ങൾ, പട്ടിക ജാതിയിൽ ഉൾപ്പെടുത്തുമ്പോൾ എന്നിവയുടെ പരിണത ഫലങ്ങൾ, കമ്മീഷൻ ഉചിതമെന്ന് തോന്നുന്ന മറ്റു ചോദ്യങ്ങൾ വിഷയങ്ങൾ എന്നിവ കേന്ദ്രസർക്കാരുമായി ചർച്ച നടത്തി സർക്കാരിന്റെ അനുമതിയോടെ പരിശോധിക്കൽ എന്നിവ യാണ് കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് എന്നും മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
തുടർന്ന് ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷൻ ശുപാർശകൾ കേന്ദ്രസർക്കാർ നടപ്പാക്കണമെന്നും ദളിത് ക്രിസ്ത്യൻ, ദളിത് മുസ്ലിം വിഭാഗത്തിലെ ജനങ്ങൾക്ക് സാമൂഹ്യനീതി ലഭ്യമാക്കണമെന്നും ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും എം പി ആവശ്യപ്പെട്ടു.മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ ദളിത് വിഭാഗങ്ങളുടെ വിശാലമായ സാമൂഹ്യനീതിയ്ക്കുള്ള അവകാശത്തെ അവഗണിക്കാൻ നോക്കുന്നത് കേന്ദ്രസർക്കാരിന്റെ മനുഷ്യ വിരുദ്ധ സമീപനം ആണെന്നും ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം ദളിത് വിരുദ്ധ നിലപാടുകളെ തുറന്നു കാട്ടുന്നുവെന്നും എം പി തന്റെ പ്രസ്താവനയിൽ പറഞ്ഞു.
ദളിത് ക്രിസ്ത്യൻ വിഭാഗങ്ങളെ പട്ടിക ജാതിയിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി
11:12 PM Feb 08, 2023 | Deepika.com