കുണ്ടറ : റെയിൽവേ പുറമ്പോക്കിൽ നിന്ന വൻ മരം ഒടിഞ്ഞു വീണു. സ്വകാര്യ പുരയിടത്തിലേക്ക് മരം നിലം പതിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
നെടുമ്പായിക്കുളം കോട്ടക്കുഴി പള്ളിക്ക് സമീപം ഇഎസ്ഐ റോഡിൽ നിന്ന പെരു മരമാണ് സ്വകാര്യ വ്യക്തിയുടെ റബർ പുരയിടത്തിലേക്കു ഒടിഞ്ഞു വീണത്.
ആംബുലൻസ് ഉൾപ്പടെ നിരവധി വാഹനങ്ങൾ ഇഎസ് ഐയിലേക്കും കെഎസ്ഇബിയിലേക്കും കടന്നു പോകുന്ന റോഡിൽ അൽപ സമയത്തിന് മുൻപായിരുന്നു സംഭവം. റെയിൽവേ ട്രാക്കിലേക്കും വൈദ്യുതി ലൈനിലേക്കും മരം ഒടിഞ്ഞുവീഴാഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വർഷങ്ങൾ പഴക്കമുള്ള ഈ മരം ഉണങ്ങി നിന്നിട്ട് നാളുകൾ ഏറെയായി. അപകട നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കോട്ടക്കുഴി പള്ളി ഭരണ സമിതി റെയിൽവേ അധികാരികൾക്ക് പരാതി നൽകിയിട്ട് നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.
നിരവധി വൃക്ഷങ്ങളാണ് റെയിൽവേ പുറമ്പോക്കിൽ ഉണങ്ങി അപകട നിലയിൽ നിൽക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നാട് വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കും.
റെയിൽവേ പുറമ്പോക്കിൽ നിന്ന വൻ മരം ഒടിഞ്ഞു വീണു
11:18 PM Feb 07, 2023 | Deepika.com