അഞ്ചല്‍ : പഞ്ചായത്ത് റോഡ് കൈയേറി മതില് കെട്ടിയെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ഏരൂര്‍ പഞ്ചായത്തിലെ പാണയം റോഡില്‍ തെക്കേവയല്‍ ഭാഗത്താണ് മതിൽ കെട്ടിയതായി നാട്ടുകാരുടെ പരാതി.
പ്രദേശത്തെ ഒരാള്‍ വീട് നിർമിക്കുന്നതിന്റെ ഭാഗമായി കല്‍ക്കെട്ട് വീതി കുറഞ്ഞ പഞ്ചായത്ത് റോഡിലേക്ക് ഇറക്കി കെട്ടുന്നത് മൂലം വലിയ വാഹനങ്ങള്‍ക്ക് ഈ ഭാഗത്ത് കൂടി പോകാന്‍ കഴിയില്ലെന്നും തുടര്‍ന്നുള്ള റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും വീണ്ടും നിര്‍മാണം തുടര്‍ന്നത് പ്രതിഷേധത്തിന് ഇടയാക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാര്‍ഡ് അംഗം രാജി അടക്കം എത്തി പരിശോധന നടത്തി.
മതില് കെട്ടില്‍ നിയമലംഘനം ഉണ്ടെന്നു തന്നെയാണ് കണ്ടെത്തല്‍. എന്നാല്‍ തനിക്ക് പഞ്ചായത്തില്‍ നിന്നും അനുകൂല്യമായി ലഭിച്ച വീടിന്റെ സംരക്ഷണത്തിന്റെ ഭാഗമാണ് മതില് കെട്ടിയതെന്നും പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെ എത്തി എങ്കിലും രേഖാമൂലം തങ്ങളോടു നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉടമ പറയുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്ന് കാണിച്ചു ഉടമയ്ക്ക് രേഖാമൂലം നോട്ടീസ് നല്‍കിയിരിക്കുകയാണ്.
പഞ്ചായത്ത് റോഡ് കൈയേറി മതില് കെട്ടിയതായി പരാതി
11:18 PM Feb 07, 2023 | Deepika.com